കൊച്ചി: താന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പ്രതികരിച്ച് വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍ ശ്രീകാന്ത് വെട്ടിയാര്‍. മീ ടൂ ആരോപണത്തിനെ തുടര്‍ന്ന് തകര്‍ന്ന, താന്‍ മാനസികമായി ഓക്കെയായി വരുന്നതേ ഉള്ളുവെന്ന് ശ്രീകാന്ത് പറയുന്നു. തനിക്കെതിരെ ഉയര്‍ന്നത് ആരോപണമായിരുന്നുവെന്നും, അതിനെ നിയമപരമായി തന്നെ നേരിടുമെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു. താന്‍ ഇടതുപക്ഷക്കാരനായത് കൊണ്ട് തനിക്കെതിരെ ആരോപണം വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും വെട്ടിയാര്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
‘സത്യം കോടതിയില്‍ തെളിയും. സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്റെ പൊളിറ്റിക്കല്‍ നിലപാടുകള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒന്നിനും മാറ്റമില്ല. പൊളിറ്റിക്കലി കറക്ട് തന്നെ ആണ് ഞാന്‍. ഞാന്‍ രാഷ്ട്രീയം സംസാരിച്ചപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു എന്തെങ്കിലും ഒക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന്. ഇടതുപക്ഷക്കാരനായത് കൊണ്ട്, എനിക്കെതിരെ ആരോപണം വരുമെന്ന് അറിയാമായിരുന്നു. പ്രതിപക്ഷം അത് ആഘോഷിക്കും’, ശ്രീകാന്ത് പറയുന്നു.
വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജനുവരിയിലാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ യുവതി പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയായിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ, ഒളിവില്‍ ആയിരുന്ന ശ്രീകാന്ത് ഫെബ്രുവരി 16ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ആക്ഷേപഹാസ്യ സ്വഭാവമുള്ള വീഡിയോകളിലൂടെ വന്‍ ജനപ്രീതി നേടിയ കണ്ടന്റ് ക്രിയേറ്റര്‍ ആണ് ശ്രീകാന്ത് വെട്ടിയാര്‍. രാഷ്ട്രീയ ശരികളെക്കുറിച്ച് വീഡിയോകളിലൂടെ സംസാരിക്കാറുണ്ടായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരായ മീ ടൂ ആരോപണം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച ആയിരുന്നു. ജാമ്യത്തിലിറങ്ങിയ ശ്രീകാന്ത്, തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തില്‍ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത് എന്നും, കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും എന്നുമായിരുന്നു ശ്രീകാന്ത് അന്ന് പ്രതികരിച്ചത്.