KeralaNews

പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നത് കനുഗോലു തന്ത്രം – എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കനുഗോലുവിന്റെ ‘സിദ്ധാന്തമാണ്’ തന്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചതിന് പിന്നിലെന്നും ഗോവിന്ദന്‍ പറഞ്ഞു. കളമശ്ശേരി സംഭവത്തെ കുറിച്ച് ആദ്യ പ്രതികരണം നടത്തുമ്പോള്‍ പലസ്തീന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി എം.വി.ഗോവിന്ദന്‍ സംസാരിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗോവിന്ദനെതിരെ കേസെടുക്കണമെന്നാശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ നടത്തിയ പ്രസ്താവന ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. കളമേശ്ശരി സംഭവം നടക്കുന്ന സന്ദര്‍ഭത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു താനും മുഖ്യമന്ത്രി അടക്കമുള്ളവരും. അത് കഴിഞ്ഞ് എകെജി ഭവന് മുന്നില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധര്‍ണയ്ക്ക് പോകുന്ന ഘട്ടത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ ചോദിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

‘ലോകമെമ്പാടും പലസ്തീന്‍ ജനങ്ങളോട് ഒത്തുചേര്‍ന്ന് മുന്നോട്ട് പോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍ കേരള ജനത ഒന്നടങ്കം അവര്‍ക്കൊപ്പം നിന്ന് പൊരുതുമ്പോള്‍, അതില്‍ നിന്ന് ജനശ്രദ്ധമാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സര്‍ക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി അഭിമുഖീകരിക്കേണ്ടതുണ്ട്, ഇതാണ് ഞാന്‍ നടത്തിയ പ്രസ്താവന, അപ്പോള്‍,പലസ്തീന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ ഈ സംഭവമെന്ന് വിലയിരുത്തലെന്ന് പത്രക്കാര്‍ ചോദിച്ചു. രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദാരുണ സംഭവം സംബന്ധിച്ച് ഗൗരവപൂര്‍വ്വമായ പരിശോധന നടത്തണം.സര്‍ക്കാര്‍ പരിശോധിച്ച് കര്‍ശനമായി നടപടി എടുക്കും’ വാര്‍ത്താസമ്മേളനത്തില്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞ ഈ കാര്യം പലരീതിയില്‍ വ്യഖ്യാനിച്ചതിന്റെ ഭാഗമാണ് കെപിസിസി സൈബര്‍ സെല്‍ എനിക്കെതിരെ കേസ് കൊടുത്തു എന്ന് പറയുന്നത്. ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

ബോംബ് സ്‌ഫോടനം നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് മുമ്പ് എന്താണ് സംഭവമെന്ന് പറയുകയും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോഴാണ് അതില്‍ ഇത്തരത്തിലുള്ള ചോദ്യം ഉന്നയിക്കുകയും മറുപടി നല്‍കുകയും ചെയ്തത്. അതിനെ തെറ്റായ പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്.

കേസ് നിയമപരമായി നേരിടുന്നതില്‍ പ്രശ്‌നമില്ല. അത് എവിടേയും നില്‍ക്കുന്ന കേസല്ല. എന്നാല്‍ വര്‍ഗീയ നിലപാട് സ്വീകരിച്ച രാജീവ് ചന്ദ്രശേഖറിനെ ആ കേസിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് വിചിത്രമായ കാര്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതെ എനിക്കെതിരെ പരാതി കൊടുത്തുവെന്ന് പറയുന്നത് ഇവര്‍ തമ്മിലുള്ള ചങ്ങാത്തം കൃത്യമായി വ്യക്തമാക്കുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ആസൂത്രിതമായ ചില നീക്കങ്ങളുണ്ട്. അതാണ് കനുഗോലു സിദ്ധാന്തം, എന്ത് കളവും വ്യാപകമായി പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന ധാരണ വരുത്തി തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ഇപ്പോഴേ കാര്യങ്ങള്‍ അവതരിപ്പിച്ചു വരുന്ന സമീപനമാണ് കാണുന്നതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി ന്യൂനപക്ഷ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന അജണ്ട സംഘപരിവാര്‍ നടപ്പിലാക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയ നമ്മുടെ സമൂഹത്തില്‍ അത് ഏശാതെ പോകുകയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന ഒന്നടങ്കം അപലപിച്ച് സംഭവത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ചില ശക്തികള്‍ ശ്രമിച്ചു. സംസ്ഥാന വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്ന ഇവരുടെ ഉള്ളിലിരിപ്പാണ് യഥാര്‍ത്ഥത്തില്‍ പുറത്ത് വന്നത്. വര്‍ഗീയതയ്‌ക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച നിലപാടാണ് സ്വീകരിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതായിരുന്നു അത്. ഐക്യനിര രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്തത്.

കേരള ജനത അഭിമാനത്തോടെയാണ് ഈ നിലപാടുകളെ കണ്ടത്. എന്നാല്‍ ഈ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ആര്‍എസ്എസിന്റേയും ബിജെപിയുടേയും നേതാക്കള്‍ സ്വീകരിച്ചത്. അത് ഇവരുടെ അജണ്ടകള്‍ വ്യക്തമാക്കുന്നതാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഒരു കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നുണ്ടായത്. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.

കേരളത്തിന്റെ സാമൂഹ്യവികസനത്തില്‍ ഒരു പങ്കുമില്ലാത്ത സംഘടനയാണ് ആര്‍എസ്എസും ബിജെപിയും. എന്നാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തില്‍ അവര്‍ മുന്നിലാണ്.

പാര്‍ലമെന്റില്‍ പോലും ബിജെപി അംഗങ്ങള്‍ വംശീയഅധിക്ഷേപം നടത്തുന്ന സ്ഥിതിയാണ്. മുസ്ലിം വംശഹത്യക്കുള്ള ആഹ്വാനം നടത്തുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍.
ഒരു വര്‍ഗീയതയേയും താലോലിക്കുന്ന നിലപാട് സിപിഎമ്മിനോ സര്‍ക്കാരിനോ ഇല്ല.

സീതാറാം യെച്ചൂരി എം.വി.ഗോവിന്ദന്റെ നിലപാട് തള്ളിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. അസംബന്ധ വാര്‍ത്തയായിരുന്നു അത്. യെച്ചൂരി പറഞ്ഞത്, പലസ്തീന്‍ പ്രശ്‌നത്തിലെ പാര്‍ട്ടി നിലപാടിനെ സംബന്ധിച്ചാണ്. ‘കേന്ദ്ര കമ്മിറ്റി ഇത് ചര്‍ച്ച ചെയ്ത് ഒരു പൊതുതീരുമാനം എടുത്തിട്ടുണ്ട്. ആ പൊതുതീരുമാനമാണ് പാര്‍ട്ടിയുടെ നയം’. ഈ നയം തന്നെയാണ് കേരളത്തിലെ പാര്‍ട്ടിയും ഞങ്ങളെല്ലാവരും മുന്നോട്ട് വെച്ചിട്ടുള്ളത്. അതിന് മുമ്പ് ആരെങ്കിലും ഇതിന് വിരുദ്ധമായി നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ അതെല്ലാം അപ്രസക്തമായിരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button