KeralaNews

ഗോൾവാൾക്കർക്കെതിരായ പ്രസ്താവന; വി ഡി സതീശന് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍ എം എസ് ഗോൾവാൾക്കർക്കെതിരെ പ്രസ്താവന നടത്തിയതിന് വി ഡി സതീശന് കോടതി നോട്ടീസ്. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്.അടുത്ത മാസം 12 ന്  ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. ആർ എസ് എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയൽ ചെയ്തത്. 

 

ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ ഭരണഘടന സംബന്ധിച്ച് സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇത് ഏറ്റുപിടിച്ച് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ആര്‍എസ്എസ് അയച്ച നോട്ടീസിലുള്ളത്. 

ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതി വഴി ആര്‍എസ്എസ് സതീശനെതിരെ നീങ്ങിയിരിക്കുന്നത്.

ആര്‍.എസ്.എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി വി.ഡി.സതീശന്‍ രംഗത്തെത്തിയിരുന്നു.താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷമായിരുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്‌ആര്‍ എസ് എസിന്റെ ഒരു കേന്ദ്രത്തിലേക്കും താന്‍ വോട്ട് ചോദിച്ച് പോയിട്ടില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. തനിക്കുള്ള വിമര്‍ശനം വി എസ് അച്ച്യുതാനന്ദനും ബാധകമാണ്. പി പരമേശ്വരന്റെ പുസ്തകം ആദ്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് വി എസ് അച്ച്യുതാനന്ദനാണ്.

ഈ പുസ്തകമാണ് തൃശ്ശൂരില്‍ താന്‍ പ്രകാശനം ചെയ്തത്. പി പരമേശ്വരനെ ആര്‍ എസ് എസുകാരാനായി മാത്രമല്ല കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചത്. എന്നാല്‍ ബി ജെ പിക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് ഏറ്റവും പ്രചാരം നല്‍കിയത് സി പി എമ്മുകാരാണെന്നും സതീശന്‍ പരിഹസിച്ചു.

ആര്‍ എസ് എസിനും സംഘ്പരിവാറിനും നേരെ ആക്രമിച്ചാല്‍ അത് ഹിന്ദുക്കള്‍ക്ക് എതിരായ ആക്രമണം ആകില്ല. ആര്‍ എസ് എസും സംഘ്പരിവാറും തന്നെ വിരിട്ടാന്‍ വരേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും.

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാര്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞതാണെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. ഇതിലുണ്ടാകുന്ന ഏത് നിയമനടപടിയും നേരിടും. ഗോള്‍വാര്‍ക്കറും ഹെഡ്്‌ഗെവാറുമെല്ലാം ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. ബി ജെ പി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ആര്‍ എസ് എസും സി പി എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുന്നു. ആര്‍ എസ് എസിന്റെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ല. തന്നെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ആര്‍ എസ് എസും ബി ജെ പിയുമാണ്.

തന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് ആര്‍ എസ് എസാണ്. ആര്‍ എസ് എസുമായി ഏറ്റുമുട്ടിയുള്ളതാണ് തന്റെ കുടുംബ പാരമ്പര്യം. ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഞാന്‍ പറഞ്ഞതാണ്. താന്‍ അവരുടെ വോട്ട് വാങ്ങിയെന്ന് പറഞ്ഞാല്‍ പറവൂറുകാര്‍ ചിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button