തിരുവനന്തപുരം : ഗവർണ്ണർ വിട്ടുവീഴ്ചക്കിലാതെ ഉറച്ചുനിന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ കേരളാ നിയമസഭാ സമ്മേളനം ഓഗസ്റ്റിൽ ചേരും. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബർ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനൻസുകൾക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഓർഡിനൻസുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. ഗവർണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തിൽ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണമെങ്കിലും പെട്ടന്ന് സഭ ചേരാനുള്ള തീരുമാനം ഗവർണ്ണറെ അനുനയിപ്പിക്കാനാണെന്ന് വ്യക്തമാണ്.
രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കുന്നത്. ഓർഡിനൻസ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവൻ ഇതുവരെ സർക്കാറിലേക്ക് തിരിച്ചയച്ചിട്ടുമില്ല. അത് കൊണ്ട് പുതുക്കി ഓർഡിനൻസ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബിൽ കൊണ്ടുവരാൻ സഭ ചേരുന്നത്.
നേരത്തെ ഒക്ടോബറിൽ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. നിയമസഭ ബിൽ പാസ്സാക്കിയാലും ഗവർണ്ണർ അനുമതി നൽകണമെന്നുള്ളതാണ് അടുത്ത കടമ്പ. ഒരിക്കൽ ഒപ്പിട്ട ഓർഡിനൻസിൽ വീണ്ടും ഒപ്പിടാൻ എന്തിനാണ് സമയമെന്നൊക്കെ നിയമമന്ത്രിയുടെ വിമർശനമൊക്കെ തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാൻ.
ബിൽ നിയമസഭയിൽ എത്തിയാൽ സർക്കാറിന് മുന്നിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയിൽ ബിൽ വരുമ്പോൾ സിപിഐ എതിർപ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സര്‍ക്കാരിനെ സമ്മർദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്.