തിരുവനന്തപുരം: സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി നാം ഓരോരുത്തരും കൈകോര്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ‘കനല്‍’ എന്ന പേരിലുള്ള കര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളില്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് നാം. ഓരോ പെണ്‍കുട്ടിക്കും ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കുന്നതിനും ആ മേഖലയില്‍ അറിവ് സമ്പാദിക്കുന്നതിനും തൊഴില്‍ നേടുന്നതിനുമുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ തന്നെ പരമാവധി നല്‍കുന്നുണ്ട്. എന്നാല്‍, അതേസമയം, വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരുള്ള നാടായിട്ടുകൂടി നമ്മുടെ നാട്ടില്‍ ഇപ്പോഴും സ്ത്രീധനപീഡനങ്ങള്‍ നടക്കുന്നുണ്ട് എന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഓരോ വ്യക്തിയെയും ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനിതാ-ശിശു വികസന വകുപ്പ് ‘കനല്‍’ എന്ന കര്‍മ്മ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധന നിരോധന നിയമം ഉപയോഗിച്ചുകൊണ്ട് പരാതിപ്പെടാനുള്ള അവസരം വളരെ കുറച്ച് പേരാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. ഇതിനായി ഒരു പൊതുബോധം ഉണരേണ്ടതുണ്ട്. സ്ത്രീധന പീഡനം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള തുടര്‍ച്ചയായ ബോധവത്ക്കരണ പരിപാടിയാണ് കനലെന്നും മന്ത്രി പറഞ്ഞു.
സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ നമ്മള്‍ കൊയ്‌തെടുത്ത നേട്ടം വളരെ വലുതാണ്. കേരളത്തില്‍ ഈ കാലഘട്ടത്തിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ അതിക്രമങ്ങളുണ്ടാകുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഈ കാലഘട്ടത്തിലും നമ്മുടെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നത് വളരെ അപമാനകരമായ കാര്യമാണ്. ഇതില്‍ നിന്നും പുറത്ത് വരേണ്ടതാണ്.
കനലുമായി ബന്ധപ്പെട്ട് വകുപ്പ് വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയിട്ടുള്ള സംവിധാനങ്ങള്‍ നല്‍കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ എല്ലാ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. മാത്രമല്ല കോളേജുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ അവബോധ പരിപാടി സംഘടിപ്പിച്ചു വരുന്നു. പരിപാടിയെ തുടര്‍ന്ന് ഒരു ലക്ഷത്തോളം അവബോധ പോസ്റ്റര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
181 പോസ്റ്റര്‍ പ്രകാശനം, വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച കൈപുസ്തക പ്രകാശനം എന്നിവ മന്ത്രി നിര്‍വഹിച്ചു.വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ അംഗം ഇ.എം. രാധ, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സലീഖ, എം.ഡി. വി.സി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.