തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. പ്രഖ്യാപനങ്ങളുടെ ഘോഷയാത്രതന്നെ പ്രതീക്ഷിക്കുന്ന ബജറ്റിൽ നിരവധി ഇളവുകൾ നൽകുമെന്നാണ് വിവരം. അതേസമയം, പെൻഷൻ പ്രായം വർധിപ്പിക്കിെല്ലന്നും ദാരിദ്ര്യത്തിൽനിന്ന് കരകയറാനുള്ള പദ്ധതി ഉണ്ടാകുമെന്നും മന്ത്രി ഡോ. തോമസ് ഐസക് സൂചിപ്പിച്ചു. രാവിലെ ഒമ്പതു മുതൽ ബജറ്റ് അവതരണം ആരംഭിക്കും.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രഖ്യാപനങ്ങൾ ഏറെയുള്ള ബജറ്റാകും അവതരിപ്പിക്കുക. ക്ഷേമപദ്ധതികൾക്കും തൊഴിൽ സൃഷ്ടിക്കും ഉൗന്നൽ വരും. പുതിയ നികുതികൾ അധികം ഉണ്ടാകില്ല. എന്നാൽ, പ്രളയ സെസ് ഒഴിവാക്കിയേക്കും. ഇതു സാധനങ്ങളുടെ വില കുറയാൻ ഇടയാക്കും. ഇടക്കാല ബജറ്റല്ല, സമ്പൂർണ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക.
ക്ഷേമ പെൻഷൻ വർധന വരും. കാർഷികവിളകളുടെ താങ്ങുവില വർധന, റബർ സബ്സിഡി വർധന, വീട്ടമ്മമാർക്ക് വരുമാന വർധനക്ക് നിർദേശം എന്നിവ വരും. ശമ്പളകമീഷൻ ശിപാർശ നടപ്പാക്കുന്ന പ്രഖ്യാപനവും വരും. ജീവനക്കാരുടെ ഡി.എ. കുടിശ്ശിക നൽകുന്നത് സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനമുണ്ടാകും. കിഫ്ബിയിൽനിന്ന് ഇക്കുറി കൂടുതൽ പദ്ധതികൾ ഉണ്ടാകില്ല. കോവിഡ് പ്രതിസന്ധി അതിജീവിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഇടംപിടിക്കും.