EntertainmentNationalNews

ലഹരി നിയന്ത്രിക്കുന്നതില്‍ സ്റ്റാലിൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു; വിമർശിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് നടന്‍ വിജയ്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം കൂടുകയാണെന്നും എന്നാല്‍ ലഹരി മാഫിയയെ നിയന്ത്രിക്കുന്നതില്‍ നിലവിലെ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി എന്ന ഭീഷണിയെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിജയ് ആരോപിച്ചു.

ഇത് ആദ്യമായാണ് വിജയ്, സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ നേരിട്ട് വിമര്‍ശനം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പത്ത്, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിജയിന്റെ പരാമര്‍ശം.

ഈയടുത്ത കാലത്തായി തമിഴ്‌നാട്ടില്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍ ലഹരിയുടെ ഉപയോഗം അതും യുവാക്കള്‍ക്കിടയില്‍ വളരെ ഉയര്‍ന്നിരിക്കുകയാണ്. രക്ഷിതാവ് എന്ന നിലയിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയ്ക്കും ശരിക്കും ഭയന്നിരിക്കുകയാണ്, വിജയ് പറഞ്ഞു. യുവാക്കളെ ലഹരിമരുന്നുകളില്‍നിന്ന് സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. നിലവിലെ സര്‍ക്കാര്‍ അതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച വിജയ്, അടുത്ത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യാജമദ്യദുരന്തത്തില്‍ ഏറെ പഴികേള്‍ക്കുന്ന സ്റ്റാലിന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് വിജയുടെ വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button