NationalNews

വീണ്ടും ആശങ്കയുടെ മണിക്കൂർ; യു.എസ് സ്‌പേസ് കമാന്റ് ഇടപെട്ടു,സുനിത വില്യസും ബച്ച് വില്‍മോറും സ്റ്റാർലൈനറിൽ അഭയം തേടി

വാഷിംഗ്ടണ്‍:റഷ്യന്‍ ഉപഗ്രഹം ബഹിരാകാശത്ത് തകര്‍ന്നതിനെ തുടര്‍ന്ന് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അഭയം തേടി സുനിത വില്യസും ബച്ച് വില്‍മോറും. ബുധനാഴ്ച രാത്രിയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ച് പ്രവര്‍ത്തന രഹിതമായ ഒരു റഷ്യന്‍ ഉപഗ്രഹം തകര്‍ന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ഇരുവരെയും അവര്‍ വന്ന ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയത്.

ബഹിരാകാശ നിലയത്തിന് ഭീഷണിയാവുന്ന ഘട്ടത്തില്‍ നിലയത്തിലെ സഞ്ചാരികളെ അവര്‍ യാത്ര ചെയ്‌തെത്തിയ പേടകത്തിലേക്ക് മാറ്റുന്നത് സാധാരണമായ നടപടിക്രമമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ പേടകം നിലയത്തില്‍ നിന്ന് വേര്‍പെടുത്തി രക്ഷപ്പെടുന്നതിന് വേണ്ടിയാണിത്.

നൂറിലേറെ കഷ്ണങ്ങളായാണ് ഉപഗ്രഹം തകര്‍ന്നത്. തകരാനുണ്ടായ കാരണം വ്യക്തമല്ല. അവശിഷ്ടങ്ങള്‍ ഭീഷണിയാവുമെന്ന സാഹചര്യമെത്തിയപ്പോള്‍ യുഎസ് സ്‌പേസ് കമാന്റ് അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു മണിക്കൂറോളം നേരം ബഹിരാകാശ സഞ്ചാരികള്‍ക്ക് പേടകങ്ങള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നു.

അപകടസാഹചര്യം ഒഴിവായതായി കണ്ടതിനെ തുടര്‍ന്ന് സഞ്ചാരകള്‍ക്ക് പേടകങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാനും പ്രവര്‍ത്തനങ്ങള്‍ തുടരാനും നിര്‍ദേശം നല്‍കി.

ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി എട്ട് ദിവസത്തെ ദൗത്യത്തിനെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്. പേടകത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് തിരിച്ചിറക്കം വൈകുന്നത്. അതിനിടയിലാണ് ഭീഷണി സൃഷ്ടിച്ചുകൊണ്ട് റഷ്യന്‍ ഉപഗ്രഹം തകര്‍ന്നത്.

ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണിത്. ഭാവി വിക്ഷേപണ ദൗത്യങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ പേടകം എത്രത്തോളം പ്രാപ്തമാണെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. പേടകം വിജയകരമായി നിലയവുമായി ബന്ധിപ്പിക്കാനും സഞ്ചാരികള്‍ക്ക് നിലയത്തിലെത്താനും സാധിച്ചിരുന്നുവെങ്കിലും യാത്രയിലുടനീളം ഹീലിയം ചോര്‍ച്ച ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ജൂണ്‍ 13 ന് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു.

പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നാസയും ബോയിങ് സംഘവും. വിശദമായപരിശോധനകള്‍ക്ക് ശേഷമേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും അത് പരിശോധിക്കാനുമുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നാണ് നാസ അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker