ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഖജനാവ് കാലിയാണെന്ന വിജയ്യുടെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. പണം അവിടെ തന്നെയുണ്ട് എന്നും അത് നല്‍കാന്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടതെന്ന് സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് മറുപടിയായി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഫെബ്രുവരിയിലെ ബജറ്റില്‍ തമിഴ്നാടിന്റെ സാമ്പത്തിക നിലയെക്കുറിച്ച് വ്യക്തമാക്കിയതാണെന്നും കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളു എന്നും സ്റ്റാലിന്‍ പറഞ്ഞു. കള്ളം പറഞ്ഞ് വോട്ട് ചെയ്ത ജനങ്ങളെ പറ്റിക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ ഇറങ്ങിയത് ഖജനാവ് കൊള്ളയടിച്ചു കൊണ്ടാണ് എന്നായിരുന്നു വിജയ് പ്രസംഗത്തില്‍ പറഞ്ഞത്. തമിഴ്നാടിന്റെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും വിജയ് പറഞ്ഞിരുന്നു.
എം കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫെബ്രുവരിയിലെ അവസാന ബജറ്റില്‍ സര്‍ക്കാരിലെ പണം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. അത് അറിയില്ലേ? നിങ്ങള്‍ അത് കഴിഞ്ഞും കുറേ വാഗ്ദാനങ്ങള്‍ നടത്തിയല്ലോ. നിങ്ങള്‍ക്ക് വോട്ട് ചെയ്ത ആളുകളെ വഞ്ചിക്കുകയോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയോ ചെയ്യാതിരിക്കൂ…
'പ്രാക്ടിക്കലായി നടപ്പാക്കാനാവുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ഞാന്‍ നടത്തുകയുള്ളു' എന്നാണല്ലോ അധികാരം നേടിയപ്പോള്‍ തന്നെ നിങ്ങള്‍ പറഞ്ഞത്. ഞങ്ങളെ പോലെ തന്നെ ജനങ്ങള്‍ക്ക് എന്ത് എങ്ങനെ നടപ്പാക്കണമെന്ന് നിങ്ങളും വഴിയേ പഠിക്കും. വോട്ട് ചെയ്ത ജനങ്ങളില്‍ നിന്നും ഇതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ ഭരണത്തിന് കീഴില്‍ തമിഴ്നാടിന്റെ വികസനം തുടരാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ആശംസകള്‍ അറിയിക്കുന്നു!
നേരത്തെ ദാരിദ്ര്യവും വിശപ്പും എന്താണെന്ന് അറിയാവുന്ന സാധാരണക്കാരനാണ് താനെന്നായിരുന്നു വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂവെന്നും വിജയ് വ്യക്തമാക്കി.
'ഒരു സഹസംവിധായകന്റെ മകനായ, സിനിമയില്‍ വിജയിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട എനിക്ക് ദാരിദ്ര്യവും വിശപ്പും എന്താണെന്ന് വളരെ നന്നായി അറിയാം. ഞാന്‍ ഒരു രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല. ഞാന്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്. അങ്ങനെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. നിങ്ങളും എന്നെ അതുപോലെ കണ്ടതിനാലാണ് എനിക്ക് സിനിമയില്‍ വലിയ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് ഞാന്‍ എല്ലാം വിട്ടൊഴിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നിങ്ങള്‍ എന്നെ സ്നേഹത്തോടെ സ്വീകരിച്ചതില്‍ നന്ദി.
ഞാന്‍ ഒരു മിശിഹായല്ല. സാധാരണ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്. 'ജോസഫ് വിജയ് എന്ന ഞാന്‍' എന്ന് എനിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണക്കാരായത് നിങ്ങളാണ്. വ്യാജ വാഗ്ദാനങ്ങളിലൂടെ ഞാന്‍ ജനങ്ങളെ വഞ്ചിക്കില്ല. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂ. അസാധ്യമായി തോന്നുന്ന കാര്യങ്ങള്‍ എന്നെങ്കിലും സാധ്യമാകുമോ എന്ന് ജനങ്ങള്‍ വിചാരിച്ചേക്കാം. എന്നാല്‍ കോടിക്കണക്കിന് ജനങ്ങള്‍ എനിക്ക് ഒപ്പം നിന്നാല്‍ എന്തും സാധ്യമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആ ആത്മവിശ്വാസമുണ്ട്' -വിജയ് പറഞ്ഞു.
തമിഴ്നാടിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ദവളപത്രം ഇറക്കുമെന്ന് വിജയ് പറഞ്ഞു. സംസ്ഥാനത്തിന്റെ കടം 10 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ ഖജനാവ് പൂര്‍ണ്ണമായും ശൂന്യമായിരിക്കുകയാണ്. വലിയ ഭാരമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷമേ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് അറിയാന്‍ കഴിയൂ. അത് വിലയിരുത്തിയ ശേഷം ദവളപത്രം പുറത്തിറക്കും. ജനങ്ങളോട് യഥാര്‍ഥ അവസ്ഥ തുറന്നു പറയുകയും അവിടെ നിന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സുതാര്യമായ ഭരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് തന്നെയാണ് എന്റെ ആദ്യ ഉത്തരവാദിത്വം -വിജയ് പറഞ്ഞു.


