ചെന്നൈ: സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതിനായി ഭരണഘടനയുടെ 200-ാം അനുച്ഛേദം ഭേദഗതി ചെയ്യണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും യഥാര്‍ത്ഥ ഫെഡറലിസത്തിനും വേണ്ടിയുള്ള ഡിഎംകെയുടെ പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗവർണർമാർക്കും രാഷ്ട്രപതിക്കും ബില്ലിന്മേൽ തീരുമാനമെടുക്കാനായി സമയപരിധി നിശ്ചയിച്ച വിധിയിൽ രാഷ്ട്രപതിയുടെ റഫന്‍സില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തത വരിത്തിയിരുന്നു. ഇതുപ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞത്. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.
തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കിയ 2025 ഏപ്രില്‍ എട്ടിലെ വിധിൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം യാതൊരു സ്വാധീനവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ രവിയുടെ 'പോക്കറ്റ് വീറ്റോ സിദ്ധാന്തവും' രാജ്ഭവന് ബില്ലുകള്‍ ഇല്ലാതാക്കാനോ കുഴിച്ചുമൂടാനോ കഴിയുമെന്ന അദ്ദേഹത്തിന്റെ വാദവും സുപ്രീംകോടതി തള്ളിക്കളഞ്ഞതായും സ്റ്റാലിന്‍ പറഞ്ഞു.
'ഞങ്ങളുടെ നിയമപോരാട്ടത്തിലൂടെ, രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുമായി ഭിന്നതയിലുള്ള ഗവര്‍ണര്‍മാരെ, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അനുസൃതമായി പ്രവര്‍ത്തിക്കാനും, നിയമനിര്‍മാണത്തിലൂടെയുള്ള ജനഹിതത്തോടുള്ള അവരുടെ മനഃപൂര്‍വമായ നിഷ്‌ക്രിയത്വത്തിന് ഉത്തരം പറയാനും ഞങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.' സ്റ്റാലിന്‍ പറഞ്ഞു.
ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ചാല്‍ ഗവര്‍ണര്‍മാരുടെ നടപടികള്‍ പുനഃപരിശോധിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് അധികാരം നല്‍കുന്നതാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിയമപോരാട്ടം. അവര്‍ക്ക് 361-ാം അനുച്ഛേദത്തിന് പിന്നില്‍ ഒളിക്കാനാവില്ല. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് സ്റ്റാലിന്റെ പ്രസ്താവന പുറത്തുവന്നത്.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷമായി ഗവര്‍ണര്‍ രവിയുമായി നിരവധി വിഷയങ്ങളില്‍ നിരന്തരമായ പോരാട്ടത്തിലാണ്. ഉന്നതവിദ്യാഭ്യാസം, സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. ഗവര്‍ണര്‍ മടക്കിയ 10 ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയതിനെ തുടര്‍ന്നുള്ള ഗവര്‍ണറുടെ നടപടിയാണ് സര്‍ക്കാരിനെ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരായിരിക്കണം നിയന്ത്രണ സ്ഥാനത്ത് എന്നും, സംസ്ഥാനത്ത് രണ്ട് ഭരണനിര്‍വഹണ അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും, ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവര്‍ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കണമെന്നും അതിന് മുകളിലല്ലെന്നും ആണ് സുപ്രീംകോടതി ബെഞ്ച് ഉദ്ദേശിച്ചതെന്ന് സ്റ്റാലില്‍ പറഞ്ഞു. ബില്ല് ഇല്ലാതാക്കാനോ പോക്കറ്റ് വീറ്റോ പ്രയോഗിക്കാനോ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നും, വെറുതെ ബില്ല് തടഞ്ഞുവെക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നും സുപ്രീംകോടതി ഉറപ്പിച്ചു പറഞ്ഞതായും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
'ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ നടപടിയെടുക്കുന്നത് അനിശ്ചിതമായി വൈകിപ്പിക്കാന്‍ കഴിയില്ല. ഒരു ബില്ല് പരിഗണിക്കുന്നതില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ദീര്‍ഘവും വിശദീകരിക്കാനാകാത്തതും അനിശ്ചിതവുമായ കാലതാമസം ഉണ്ടായാല്‍, സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാ കോടതികളെ സമീപിച്ച് ഗവര്‍ണര്‍മാരുടെ മനഃപൂര്‍വമായ നിഷ്‌ക്രിയത്വത്തിന് അവരെ ഉത്തരവാദികളാക്കാം.' സ്റ്റാലിന്‍ പറഞ്ഞു.
ഒരു ഭരണഘടനാ സ്ഥാപനത്തിനും ഭരണഘടനയ്ക്ക് മുകളിലാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നും, ഒരു ഉന്നത ഭരണഘടനാ അതോറിറ്റി പോലും ഭരണഘടന ലംഘിക്കുമ്പോള്‍ ഭരണഘടനാ കോടതികള്‍ മാത്രമാണ് ഏക പ്രതിവിധി എന്നും, കോടതിയുടെ വാതിലുകള്‍ അടയ്ക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
'ഇത് നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിലെ നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുകയും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണഘടനാ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എനിക്ക് പാലിക്കാന്‍ വാഗ്ദാനങ്ങളുണ്ട്, തമിഴ്നാട്ടിലെ നമ്മുടെ ജനങ്ങളുടെ ഹിതം നിയമനിര്‍മ്മാണത്തിലൂടെ നിറവേറ്റുന്നത് വരെ, ഈ രാജ്യത്തെ ഓരോ ഭരണഘടനാ സംവിധാനവും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


