തൃശ്ശൂർ: നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.
ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു.
ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ
കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. ഒമ്പത് പേർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടി. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പൊറോട്ടയും വെജിറ്റബിൾ കറിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ പലർക്കും ഛർദ്ദിലും വയറിളക്കവും വയറുവേദനയും അടക്കുമുള്ള അസുഖങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഭക്ഷണം പാഴ്സലായി ലഭിച്ചത്. ഇത് വീട്ടിൽ കൊണ്ടുപോയി കഴിച്ച ആളുകൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
ഒമ്പത് പേരാണ് ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. മറ്റുള്ള ചിലർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ നേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
‘മൂന്ന് മണിക്ക് തുടങ്ങിയ പരിപാടി ആറ് മണിയോടെ അവസാനിച്ചു. പാഴ്സലായാണ് ഭക്ഷണം ലഭിച്ചത്. വീട്ടിൽ ചെന്ന് ഏഴ് മണിയോടെ ആണ് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു’ വിഷബാധയേറ്റ യുവതി പറഞ്ഞു.