കൊച്ചി: ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയലാര്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ഗോപാലന്റെ മകന്‍ ബാബു(49)വിനെയാണ് എറണാകുളത്തു മാര്‍ക്കറ്റ് റോഡിനു സമീപം കൊളംബോ ജങ്ഷനടുത്തുള്ള ലോഡ്ജില്‍ ഇന്നലെ വൈകിട്ട് ഏഴോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 27 ന് ഇവിടെ മുറിയെടുത്തതായാണ് വിവരം. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്നാണ് മുറി തുറന്നത്.
ഹോട്ടല്‍ നടത്തിപ്പിനെക്കുറിച്ചുണ്ടായ തര്‍ക്കത്തില്‍ 23 നു രാത്രി ഏഴിനു ബാബുവിന്റെ അനുജന്‍ വയലാര്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ (പട്ടണക്കാട് പാറയില്‍ സുനിതാലയത്തില്‍) ശിവനാ(44)ണ് കുത്തേറ്റു മരിച്ചത്. ശിവന്‍ മൂന്നു സഹോദരങ്ങളുമായി ചേര്‍ന്ന്, ഒറ്റപ്പുന്ന റെയില്‍വേ ക്രോസിനു സമീപത്തു ഹോട്ടല്‍ നടത്തിവരുകയായിരുന്നു. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.ശിവന്റെ പേരിലാണ് കടയുടെ വാടകച്ചീട്ട് എഴുതിയിരുന്നത്.
ക്യാഷ് കൗണ്ടറിലിരുന്ന് ഇടപാടുകാരോട് അപമര്യാദയായി പെരുമാറുന്നെന്ന പരാതിയെ തുടര്‍ന്ന് ബാബുവിനെ കടയില്‍നിന്ന് പറഞ്ഞ് വിട്ടതായും തുടര്‍ന്ന് ബാബു സഹോദരന്‍ സൈജുവിന്റെ ബൈക്കെടുത്തുകൊണ്ട് പോയതായും കടയില്‍നിന്ന്ഒഴിവാക്കിയതിന്റെ വൈരാഗ്യത്തില്‍ ബാബു ശിവനെ കുത്തിവീഴ്ത്തിയയെന്നും പോലീസ് പറഞ്ഞു. ശിവന്റെ തോളിലും വയറ്റിലും നെഞ്ചിലുമാണ് കുത്തേറ്റത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശിവന്‍ വയലാര്‍ സ്വദേശിയാണെങ്കിലും കുറേ നാളുകളായി പട്ടണക്കാട് പാറയില്‍ ഭാഗത്താണു താമസം. കടയ്ക്കു സമീപത്താണ് ശിവനു കുത്തേറ്റത്.