തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. മാര്‍ച്ച് 17നാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാനിരുന്നത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പഠന സഹായ പിന്തുണ നല്‍കുന്നതിന് പരിമിതികളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
കൂടാതെ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു.
പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ എസ് ടി എ ) സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇവ സൂചിപ്പിച്ചിരുന്നത്.
അതേസമയം നാളെ നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.ച്ച്.എസ്.ഇ മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.
ഇന്നാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തുടങ്ങിയത്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ.
രാവിലെ 9.40ന് പരീക്ഷകള്‍ ആരംഭിച്ചു. രാവിലെയും ഉച്ചയ്ക്കുമായി ഓരോ പരീക്ഷകള്‍ എന്ന തരത്തില്‍ ദിവസം രണ്ടു പരീക്ഷകള്‍ വീതമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന കണക്കില്‍ ഒരു ക്ലാസ് മുറിയില്‍ പരമാവധി 20 കുട്ടികളെയാണ് പരീക്ഷയ്ക്കിരുത്തുന്നത്.