തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. തൊഴില്‍ ദാതാക്കള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും പാസ്പോര്‍ട്ട് ഓഫീസ് അധികാരികള്‍ക്കും സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
98.82 ആണ് ഇത്തവണത്തെ വിജയശതമാനം. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 41,906 വിദ്യാര്‍ത്ഥികളാണ്.
എസ്എസ്എല്‍സി പ്രൈവറ്റായി എഴുതിയത് 1770 പേരാണ്. ഇതില്‍ 1356 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.6 ശതമാനമാണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനം. വിജശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടാണ് 95.04 ശതമാനമാണ് വിജയം.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാടാണ് 95.04 ശതമാനമാണ് വിജയശതമാനമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 2736 പേര്‍ക്കാണ് എ പ്ലസ് കിട്ടിയത്.