KeralaNews

ശ്രുതിതരംഗം: 216 കുട്ടികളുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തി

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട 457 കുട്ടികളില്‍ 216 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 109 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് ഉടന്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 കുട്ടികളില്‍ 23 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഉപകരണങ്ങളുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളില്‍ 79 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസര്‍ അപ്ഗ്രഡേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തി. 68 കുട്ടികള്‍ക്ക് ശ്രുതിതരംഗം മെയിന്റനന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ട്‌സുകള്‍ മാറ്റിയത്. 32 കുട്ടികള്‍ക്ക് മെഡല്‍ കമ്പനിയുടെ പാര്‍ട്‌സുകളും 36 കുട്ടികള്‍ക്ക് കോക്ലിയര്‍ കമ്പനിയുടെ പാര്‍ട്‌സുകളുമാണ് മാറ്റി നല്‍കിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷന്‍ ഈ ആഴ്ച ആരംഭിക്കുന്നതാണ്.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വഴിയും എംപാനല്‍ ചെയ്ത 6 ആശുപത്രികളിലൂടെയും ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056, 104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button