കൊച്ചി: അഭയ കേസില്‍ ഫാ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. മരണത്തിന് മുമ്പ് അഭയ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ശ്രീജന്‍ ബാലകൃഷ്ണന്‍ ബ്രേക്ക് ചെയ്ത ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അഭയ കേസിന്റെ അന്വേഷണം വീണ്ടും സജീവമാകുന്നത്.
വലിയ തോതില്‍ സ്വാധീനം ഉള്ള ആള്‍ക്കാര്‍ എന്ത് തരം കൃത്രിമവും കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വസ്തുത അറക്കിട്ട് ഉറപ്പിച്ച രേഖ എന്ന നിലയിലും സി ബി ഐയെ നേര്‍വഴിക്ക് നയിക്കാന്‍ തയാര്‍ ആയി നിന്ന കോടതിക്ക് അതിന് പറ്റിയ ഒരു വടി നല്‍കിയ വസ്തുത എന്ന നിലയിലും വാര്‍ത്ത നിറവേറ്റിയത് നിര്‍ണായകമായ ഒരു ദൗത്യം ആണെന്ന് തിരിഞ്ഞു നോക്കുമ്‌ബോള്‍ മനസിലാക്കുന്നുവെന്നാണ് ശ്രീജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
കൊലക്കേസ് തന്നെ തെളിയിക്കാന്‍ പാട് പെട്ടിരുന്ന സമയത്ത് ബലാത്സംഗം കൂടെ ചേര്‍ത്ത് കേസ് സങ്കീര്‍ണം ആക്കാന്‍ സി ബി ഐക്ക് താത്പര്യം ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ അന്ന് അത്തരം ഒരു സാദ്ധ്യതയെ ശക്തമായി എതിര്‍ത്തിരുന്നു. 15 വര്‍ഷം മുമ്പ് മരിച്ച മകളുടെ മാനം ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അഭയയുടെ അപ്പന്‍ നിസഹായന്‍ ആയി സംസാരിച്ചത് ഇന്നും തന്റെ കാതില്‍ മുഴങ്ങുന്നുണ്ടെന്നും ശ്രീജന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട് സി ബി ഐയുടെ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ വിസ്തരിച്ചാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.
ശ്രീജന്‍ ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഊര്‍ജ പ്രവാഹത്തില്‍ ഒഴുകി നടക്കുന്ന അവസ്ഥയില്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങള്‍. ‘മാധ്യമ മലരന്‍’ എന്നല്ലാതെ ആരെങ്കിലും സംബോധന ചെയ്തു കേട്ടിട്ട് മാസങ്ങള്‍ ആയത് കൊണ്ട് തന്നെ ഇതൊക്കെ സത്യം ആണോ എന്ന് അതിശയിച്ച് പോയി ആദ്യം. നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും നല്ല വാക്കുകള്‍ പറഞ്ഞ സുഹൃത്തൂക്കളും പരിചയക്കാരും അപരിചിതരും ബന്ധുക്കളും ആയ എല്ലാ പേര്‍ക്കും Newslaundry, Indian Journalism Review പോര്‍ട്ടലുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ തന്നെ നന്ദി പറയട്ടെ. മറ്റേതൊരു sunset industry യിലും എന്ന പോലെ covid ഏല്‍പിച്ച ആഘാതം നിത്യേന തൊഴില്‍ രംഗത്ത് നേരിടുന്ന ഒരാള്‍ക്ക്, ഈ സമയത്ത് നിങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്തുണ വിലമതിക്കാന്‍ ആവാത്തത് ആണ്. സത്യത്തില്‍ ഈ അഭിനന്ദനവും കൊണ്ടാടലും ഒട്ടുമേ തന്നെ അര്‍ഹിക്കാത്ത ഒരാള്‍ ആണ് ഞാന്‍. സിസ്റ്റര്‍ അഭയ കേസില്‍ ഇപ്പൊള്‍ ഉണ്ടായ പരിസമാപ്തി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിശ്ചയദാര്‍ഢ്യം, ജുഡീഷ്യല്‍ ഓഫിസര്‍മാരായ കെ കെ ഉത്തരന്‍, ആന്റണി മൊറായിസ്, പി ഡി ശാരങ്ങധരന്‍, എസ് സോമന്‍, കെ സനില്‍കുമാര്‍ എന്നിവരുടെ ഉന്നതമായ കര്‍ത്തവ്യ ബോധം, ആര്‍ എം കൃഷ്ണ, ആര്‍കെ അഗര്‍വാള്‍, എം നന്ദകുമാര്‍ തുടങ്ങിയ സിബിഐ ഉദ്യോഗസ്ഥരുടെ അര്‍പണബോധം, രാജുവിനെ പോലുള്ള നിസ്വരായ ചില സാക്ഷികളുടെ നീതിബോധം, പ്രോസിക്യൂട്ടര്‍ എം നവാസിന്റെ കഠിനാധ്വാനം, പിന്നെ നിശബ്ദരാക്കപ്പെട്ട നൂറു കണക്കിന് വിശ്വാസികളുടെ മൗന പ്രാര്‍ഥന എന്നിവയുടെ ഒക്കെ ആകെ തുക ആണ്. 2007 ഏപ്രില്‍ 12 ന് ഞാന്‍ എഴുതി The New Indian Express ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തക്ക് 28 വര്‍ഷത്തെ ചരിത്രത്തിലെ ഒരു ചെറിയ കണ്ണി എന്നതിന് അപ്പുറം എന്തെങ്കിലും പ്രാധാന്യം സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത് അല്ല; പ്രത്യേകിച്ചും അതില്‍ ഉന്നയിച്ച വിഷയം ‘Sister Abhaya was Raped and Murdered’ സിബിഐ പിന്നീട് അനീഷിച്ച് ക്ലോസ് ചെയ്ത കേസ് ആകുമ്‌ബോള്‍. പക്ഷേ, 15 വര്‍ഷം നിര്‍ജീവമായി നിന്നിരുന്ന ഒരു കൊലക്കേസ് അന്വേഷണം പെട്ടെന്ന് സജീവം ആക്കാന്‍ സഹായിച്ച വാര്‍ത്ത എന്ന നിലയില്‍, വലിയ തോതില്‍ സ്വാധീനം ഉള്ള ആള്‍ക്കാര്‍ എന്ത് തരം കൃത്രിമവും കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വസ്തുത അറക്കിട്ട് ഉറപ്പിച്ച രേഖ എന്ന നിലയില്‍, സിബിഐ യെ നേര്‍വഴിക്ക് നയിക്കാന്‍ തയാര്‍ ആയി നിന്ന കോടതിക്ക് അതിന് പറ്റിയ ഒരു വടി നല്‍കിയ വസ്തുത എന്ന നിലയില്‍ , മുഖ്യാധാര മാധ്യമങ്ങളെ അപ്പാടെ വീണ്ടും ഈ കേസിലേക്ക് ആകര്‍ഷിച്ച് കൊണ്ട് വന്ന ചൂണ്ട എന്ന നിലയില്‍ അന്നത്തെ ബ്രേക്കിംഗ് ന്യൂസ് നിറവേറ്റി യത് നിര്‍ണായകമായ ഒരു ദൗത്യം ആണെന്ന് തിരിഞ്ഞു നോക്കുമ്‌ബോള്‍ മനസ്സിലാക്കുന്നു. ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാര്‍ത്തയ്ക്ക് എന്ത് പറ്റി എന്നത്? രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി ബലാത്സംഗ സാധ്യത മറച്ചു വച്ചു എന്നതായിരുന്നു അന്ന് രേഖകള്‍ സഹിതം ഞാന്‍ നല്‍കിയ റിപ്പോര്‍ട്ട്. പിന്നീട് ഹൈദരാബാദിലെ നാഷണല്‍ forensic lab അന്നത്തെ ലാബിലെ work register പരിശോധിച്ച് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയ ഓരോ തിരുത്തും ശരി ആണെന്ന് കണ്ടെത്തുകയും ചെയ്തു. രേഖ തിരുത്തല്‍ കേസ് കൊല കേസിന് സമാന്തരമായി മറ്റൊരു ക്രിമിനല്‍ കേസ് ആയിട്ട് നടക്കുകയായിരുന്നു. എന്നെ ആ കേസില്‍ സാക്ഷി ആയി തിരുവനന്തപുരം CJM കോടതി വിസ്തരിച്ചിരുന്നൂ. സിബിഐ സംഘം ഇതേ വിഷയത്തില്‍ എന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വാര്‍ത്തയുടെ സോഴ്‌സ് അവര്‍ പല തവണ ചോദിച്ചിട്ടും പറയാന്‍ ആവില്ലെന്ന ഉറച്ച മറുപടി ആയിരുന്നു ആ കൂടിക്കാഴ്ചയില്‍ ഉണ്ടായ ഒരേ ഒരു കല്ലുകടി. എനിക്ക് മനസ്സിലായ വസ്തുത കൊലക്കേസ് തന്നെ തെളിയിക്കാന്‍ പാട് പെട്ടിരുന്ന സമയത്ത് ബലാത്സംഗം കൂടെ ചേര്‍ത്ത് കേസ് സങ്കീര്‍ണം ആക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല എന്നത് ആണ്. സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ അന്ന് അത്തരം ഒരു സാധ്യതയെ ശക്തമായി എതിര്‍ത്തിരുന്നു. 15 വര്‍ഷം മുന്‍പ് മരിച്ച മകളുടെ മാനം ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അഭയയുടെ അപ്പന്‍ നിസ്സഹായന്‍ ആയി സംസാരിച്ചത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു ഉണ്ട് . സാങ്കേതിക മികവ് ആവശ്യം ഉള്ള വിഷയം ആയതിനാല്‍ AIIMS ഇലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു പാനല്‍ ആണ് അന്ന് ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐക്ക് വേണ്ടി ചോദ്യം ചെയ്തത്. അവരുടെ വിശദീകരണം, ആദ്യ ടെസ്റ്റ് തെറ്റായി ചെയ്തതിനാല്‍ തെറ്റായ റിസല്‍ട്ട് കിട്ടി എന്നും ഒന്ന് കൂടെ ടെസ്റ്റ് ചെയ്ത് കിട്ടിയ റിസല്‍ട്ട് ആദ്യത്തെ റിസല്‍ട്ട് ചുരണ്ടി മാറ്റി എഴുതി എന്നത്, ആ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു; അത്തരം ഒരു സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്. പ്രധാനമായും ആ വാദം അംഗീകരിച്ചു തിരുത്തല്‍ കേസില്‍ CJM കോടതി പിന്നീട് ആ ഉദ്യോഗസ്ഥരെ വെറുതെ വിട്ടൂ. കോടതി തീര്‍പ്പ് കല്‍പ്പിച്ച കേസ് എന്ന നിലയില്‍ അതിന്മേല്‍ ഇനി ഒരു പുനപരിശോധന വേണം എന്ന് ഞാന്‍ കരുതുന്നില്ല. അന്നത്തെ വാര്‍ത്തക്ക് ശേഷം അഭയ കേസ് എന്റെ regular beat ആയി മാറി. ആദ്യ അറസ്റ്റ് നടക്കുന്നത് വരെ Express ല്‍ നിത്യേന എന്നോണം ഫോളോ അപ്പ് വന്നിരുന്നു. അന്നത്തെ എഡിറ്റര്‍ മനോജ് കെ ദാസ് നല്‍കിയ ശക്തമായ പിന്തുണയും പ്രോത്സാഹനവും വാര്‍ത്തകള്‍ നല്ല പ്രാധാന്യത്തോടെ വിന്യസിച്ചു വരാനും സഹായിച്ചു. 2011 ല്‍ പുതിയ സ്ഥാപനത്തിലേക്ക് മാറിയിട്ടും ഈ കേസ് എന്റെ ബീറ്റ് ആയി തുടര്‍ന്നു. 2019 ല്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ കോടതിയില്‍ പോയി കേസ് കേട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാന ദിവസത്തെ വാദങ്ങള്‍ വന്ന TOI വാര്‍ത്തകള്‍ എന്റെ ടൈംലൈന്‍ പരതിയാല്‍ കാണാന്‍ കഴിയും. മണിക്കൂറുകള്‍ നീളുന്ന വിചാരണ കോടതി മുറിയുടെ പിന്നില്‍ നിന്ന് കേട്ട് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വഞ്ചിയൂര്‍ കോടതിക്ക് ഉള്ളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഇന്നും അപ്രഖ്യാപിത വിലക്ക് ഉണ്ട്. അതിനാല്‍ തന്നെ കുഴപ്പക്കാരായ വക്കീലന്മാര്‍ കാണാതെ തഞ്ചത്തില്‍ പണി ചെയ്ത് പോരുക ആയിരുന്നു. 6-7 മണിക്കൂര്‍ ഒക്കെ ഒരേ നില്‍പ് നിന്ന് വാദം കേട്ട ദിവസങ്ങള്‍ ഉണ്ട്. വിചാരണയുടെ അവസാന ഘട്ടത്തില്‍ പല ദിവസങ്ങളില്‍ മറ്റു പണികള്‍ മാനേജ് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ നേരിട്ട് പോക്ക് മുടങ്ങി. ഇന്ന് കിട്ടുന്ന പൂച്ചെണ്ടുകള്‍ ഇന്നലെ കൊണ്ട വെയിലിന്റെ കൂലിയാണ് എന്ന് അറിയുമ്‌ബോള്‍ ഉണ്ടാകുന്ന സന്തോഷം അനല്‍പമാണ്. വിധി ദിനത്തില്‍ ഞാന്‍ കോടതിയില്‍ പോയിരുന്നില്ല. 2008 മേയ് മാസത്തില്‍ ഒരു ദിവസം ഞാന്‍ ഫാദര്‍ തോമസ് കോട്ടൂരിനോട് ദീര്‍ഘമായി ഫോണില്‍ സംസാരിച്ചിരുന്നു. സിബിഐ അന്വേഷണം അച്ചനില്‍ എത്തി തുടങ്ങിയ സമയം. കര്‍ത്താവിന്റെ പദ്ധതികളെ പറ്റിയാണ് തീര്‍ത്തും അക്ഷോഭ്യന്‍ ആയി അദ്ദേഹം എന്നോട് അന്ന് പറഞ്ഞത്. യേശുവിന്റെ പദ്ധതി മാത്രമേ നടക്കുകയുള്ളൂ എന്നും അത് എന്തായാലും സന്തോഷമായി സ്വീകരിക്കും എന്നും അന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ചൊവ്വാഴ്ച ശിക്ഷ കേട്ട് ജയിലിലേക്ക് പോകുമ്‌ബോഴും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അത് തന്നെ ആയിരുന്നു. ‘ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്.’ എന്ന് പറഞ്ഞത് മറ്റാരും ആയിരുന്നില്ലല്ലോ (മര്‍ക്കോസ് 2:13-17) (2007-08 കാലത്ത് അഭയ കേസുമായി ബന്ധപ്പെട്ട് ചെയ്ത പ്രധാന വാര്‍ത്തകള്‍ ആണ് ചിത്രങ്ങളില്‍) #SisterAbhaya #sisterabhayacase