കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്‍റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം അവിടെ തുടരുകയാണ്. ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന പ്രസ്താവനയ്ക്കും പ്രതിഷേധക്കാരുടെ മനസുമാറ്റാൻ സാധിച്ചില്ല. ഗോതബായ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും താൽക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. പ്രസിഡന്റിന്റെ ചുമതല സ്പീക്കർ പരമാവധി 30 ദിവസം വഹിക്കും.
അതിനിടെ, സമാധാനം നിലനിർത്താൻ പൊതുജന സഹകരണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സ്ഥാനത്ത് തുടരും വരെ ഗോതബായക്ക് സംരക്ഷണം നൽകുമെന്നും സൈന്യം അറിയിച്ചു. അതേസമയം, ശ്രീലങ്കയിലെ സാഹചര്യത്തിൽ തൽക്കാലം ഇടപെടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അഭയാർത്ഥി പ്രവാഹ സാധ്യതയിൽ സംസ്ഥാനങ്ങൾക്ക് നിരീക്ഷണത്തിന് നിർദ്ദേശം നൽകി. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
പ്രസിഡന്റ് കൊട്ടാരത്തിലെ പതുപതുത്ത മെത്തയിൽ ഇന്നലെ രാത്രി പൊതുജനം അന്തിയുറങ്ങി. അർധരാത്രിയും അവർ നടുത്തളത്തിൽ നൃത്തം ചവിട്ടി. പതിമൂന്നാം തീയതി രാജിവയ്ക്കുമെന്ന് പറയുമ്പോഴും ഗോതബയ എവിടെയെന്നത് ഇപ്പോഴും രഹസ്യമാണ്. തീരത്ത് നിന്നകലെ പടക്കപ്പലിലോ, അതോ മറ്റേതെങ്കിലും സൈനിക ഒളിത്താവളത്തിലോ എന്നതിൽ വ്യക്തയില്ല. പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നടുത്തോളം സംരക്ഷണം നൽകുമെന്നാണ് സൈന്യത്തിന്റെ നിലപാട്. സമാധാനാന്തരീക്ഷം നിലനിർത്താൻ പൊതുജനത്തിന്റെ സഹകരണം അഭ്യർത്ഥിച്ചിരിക്കുകയാണ് സൈനിക തലവൻ ജനറൽ ശവേന്ദ്ര സിൽവ.
പതിമൂന്നാം തീയതി ഗോതബായ സ്ഥാനമൊഴിയുമെന്നാണ് സ്പീക്കർ അബെയവർധനെയുടെ പ്രഖ്യാപനമെങ്കിലും അത്രയും സമയം നൽകാൻ പ്രക്ഷോഭകർ തയ്യാറല്ല. ഗോതബായ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ സ്പീക്കർക്ക് താൽക്കാലിക ചുമതല നൽകാനാണ് സർവകക്ഷിയോഗത്തിന്റെ തീരുമാനം. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പുതിയ സർവകക്ഷി സർക്കാർ രൂപീകരിക്കാനും ആവുന്നത്രയും നേരത്തെ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് ധാരണ. മൂക്കറ്റം കടം കയറിയ ലങ്കയിൽ രാഷ്ട്രീയ സ്ഥിരയെങ്കിലും പുനസ്ഥാപിക്കുകയെന്ന വലിയ വെല്ലുവിളിയാണ് സർവകക്ഷി സംഘത്തിന് മുന്നിലുള്ളത്.
ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു.
സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോതബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രേസിടെന്റിന്റെ വസതി ലക്ഷ്യമിടുകയായിരുന്നു. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി. പിന്നീട് പലയിടങ്ങളിലും സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തതോടെ പ്രക്ഷോഭത്തിന്‍റെ ഫലം എന്താകുമെന്ന് വ്യക്തമായി. സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോതബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവകസേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.