ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു. ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു. സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഇന്ത്യക്കെതിരെ നാണം കെട്ട തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് താല്‍ക്കാലിക ബോര്‍ഡിന് ചുമതല നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നെന്നാണ് ഐസിസി നിഗമനം. എന്നാല്‍, പിരിച്ചുവിട്ട നടപടി പിറ്റേദിവസം പിന്‍വലിച്ചിരുന്നു.
ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിലെ എയ്ഞ്ചലോ മാത്യൂസിന്‍റെ ടൈം ഔട്ടും വിവാദത്തിലായിരുന്നു. ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് അപ്പീലിലൂടെ പുറത്താക്കിയത്. സദീര സമരവിക്രമ പുറത്തായശേഷം ബാറ്റിംഗിനായി ക്രീസിലെത്തിയ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ വൈകിയതിനാണ് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്.
സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചതെന്നും അതിനുശേഷമാണ് ഔട്ടിനായി അപ്പീല്‍ ചെയ്തതതെന്നും ഷാക്കിബ് പറഞ്ഞിരുന്നു. അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ ഔട്ടായ ആളെ നിങ്ങള്‍ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാന്‍ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശിയല്ല. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞതായി ഷാക്കിബ് പറഞ്ഞിരുന്നു.