ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡ്; ട്രോമ ഐ.സി.യുവിലേക്ക് മാറ്റി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റി. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.
ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ശ്രീറാമിനെ മൂന്ന് ദിവസം നിരീക്ഷിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ബാഹ്യമായ പരിക്കുകള്‍ ഇല്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഞായറാഴ്ച വൈകിട്ടാണ് ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.