തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം ഇന്ന് കോടതിയില്‍ ഹാജരായി. കേസില്‍ മറ്റൊരു പ്രതിയായ വഫ ഫിറോസ് നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു.
കേസ് 27 ന് വീണ്ടും പരിഗണിക്കും. അപ്പോള്‍ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. കോടതി നിര്‍ദ്ദേശിച്ചിട്ടും പലതവണ കോടതിയില്‍ ഹാജരാകാതിരുന്ന ശ്രീറാം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഇന്ന് എത്തിയത്. അതിനിടെ അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയോടൊപ്പം നിരവധി രേഖകളുടെ പട്ടികയും ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ശ്രീറാമിന്റെ പുതിയ ആവശ്യം. ഇത് വിചാരണ വീണ്ടും വൈകിപ്പിക്കുമെന്നാണ് സൂചന. ഇനി കേസ് പരിഗണിക്കുമ്‌ബോള്‍ ആവശ്യം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.