വിടപറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന ആദ്യ സൂപ്പര്‍സ്റ്റാര്‍ ആണ് ജയന്‍. ഇന്നും ജയനെ അനുകരിക്കാത്തവര്‍ വളരെ കുറവായിരിക്കും. കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തെ മരണം വേട്ടയാടിയത്.
അന്ന് ജയന്റെ മരണം വന്‍ കോളിളക്കം സൃഷ്ടിച്ച ഒന്നായിരിന്നു. 1980 നവംബര്‍ 16നായിരുന്നു ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടെ ജയന്‍ കൊല്ലപ്പെട്ടത്. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറായിരുന്നു ജയന്‍. അത്തരമൊരു റിസ്‌ക് തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനും കാരണമായത്.
ജയന്റേത് കൊലപാതകമാണെന്നുമുള്ള വാര്‍ത്തകളും ധാരാളം ഉയര്‍ന്നിരുന്നു. അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെ പേരുകള്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നത് ബാലന്‍ കെ നായര്‍ ചവിട്ടി താഴ്ത്തിയതാണെന്നും സോമനും സുകുമാരനും കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെയായിരിന്നു. എന്നാല്‍ അതെല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമായിരുന്നുവെന്ന് പറയുകയാണ് പഴയകാല നടി ശ്രീലതാ നമ്പൂതിരി.
കോളിളക്കത്തില്‍ താനും അഭിനയിച്ചിരുന്നതാണെന്നും ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തുകൊണ്ട് ശ്രീലത പറയുന്നു. കൗമുദി ടിവിയ്ക്ക് നല്‍കിയ സ്ട്രെയിറ്റ് ലൈന്‍ അഭിമുഖ പരിപാടിയിലാണ് ശ്രീലത മനസു തുറന്നത്.
‘ജയന്‍ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓക്കെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് ഹെലികോപ്ടര്‍ മേല്‍പ്പോട്ടതു പൊക്കി. അപ്പോള്‍ കൈവിട്ടു താഴെ വീണു. തലയിടിച്ചാണ് വീണത്. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം,? വെജിറ്റബിള്‍ പോലെ കിടന്നേനെ. പുള്ളിയുടെ ആരോഗ്യത്തിന്റെയോ,? മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് പറയുന്നത്’ ശ്രീലത നമ്പൂതിരി പറയുന്നു.