കൊച്ചി:സിനിമാ താരങ്ങൾക്കെതിരെ വിമർശനവുമായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. അടുത്തകാലത്ത് നായകനായ ഒരു യുവതാരത്തിന് പുതിയ കാരവാൻ ലഭിച്ചില്ലെന്നാണ് പരാതിയെന്നും മുൻപ് പ്രേം നസീറിനെ പോലുള്ള താരങ്ങൾ വിശ്രമിച്ചിരുന്നത് കലുങ്കിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ നിർമാണ ചെലവിന്റെ നേർപകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. പിന്നെ എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും എന്നും ശ്രീകുമാരൻ തമ്പി ചോദിക്കുന്നു. കൊച്ചിയിൽ വച്ച് നടന്ന പ്രേം നസീർ അനുസ്മരണ യോഗത്തിൽ ആയിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.
അടുത്ത കാലത്ത് ഞാൻ പേര് പറയുന്നില്ല. കുറച്ച് പടങ്ങളിൽ അഭിനയിച്ചൊരു കുട്ടി, ഒരു കൊച്ചു കുട്ടി നായകനായി. അവൻ പരാതി പറഞ്ഞത് എന്താന്ന് അറിയോ ? എനിക്ക് തന്ന കാരവാൻ പഴയതായിരുന്നു. പുതിയ കാരവാൻ തന്നില്ല. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാൽ എസി കാരവാനിലേക്ക് പോകും.
അടുത്ത ഷോട്ടിനെ പിന്നെ ഇറങ്ങി വരൂ. അതും പോയി വിളിക്കണം ഇപ്പോഴത്തെ നായകന്മാരെ. സിനിമയുടെ നിർമാണ ചെലവിന്റെ നേർപകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും.
മുടക്ക് മുതലിന്റെ പത്ത് ശതമാനം പ്രതിഫലം വാങ്ങിച്ച നായകനായിരുന്നു പ്രേം നസീർ. അദ്ദേഹത്തിന് നേർപകുതി ചോദിക്കാമായിരുന്നു. യുട്യൂബിൽ നിങ്ങൾക്കൊരു ചിത്രം കാണാൻ കഴിയും. നസീർ സർ നായകനായി അഭിനയിക്കുന്ന സിനിമ. എം വിശ്വൻ നായർ സംവിധാനം ചെയ്യുന്നു. ആഹാരം കഴിച്ച ശേഷം ഷൂട്ട് തുടങ്ങാൻ അര മണിക്കൂർ സമയം ഉണ്ട്. ഈ സമയം അവർ വിശ്രമിക്കുന്നത് കലുങ്കിന് മുകളിലാണ്’, എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്.