KeralaNews

അയ്യപ്പനെ കാണാന്‍ അവിലും, മലരും, ഐ.എഫ്.എഫ്.കെ കാണാന്‍ കണ്‍മഷി, വലിയ പൊട്ട്, പുസ്തകം: ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ പരിഹസിച്ച് അഡ്വ ശ്രീജിത്ത് പെരുമന. അയ്യപ്പനെ കാണാന്‍ അവിലും, മലരുമാണ് വേണ്ടതെങ്കില്‍, ഐഎഫ്എഫ്‌കെ കാണാന്‍ കണ്‍മഷി, വലിയ പൊട്ട്, പുസ്തകം, താടി എന്നിവയാണ് വേണ്ടതെന്ന് ശ്രീജിത്ത് പെരുമന പരിഹസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ജീവിതത്തിലിതുവരെ റേഷന്‍ കടയുടെ മുന്നില്‍ പോലും ക്യൂ നില്‍ക്കാത്ത ചില കോഴികള്‍, അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാന്‍ കുലീനരായി ക്യൂ നില്‍ക്കുന്നത് കാണുമ്പോഴാണ് അന്താരാഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്’, പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

തിരുവന്തോരത്ത്, ഷോ കാണാന്‍ വരുന്നവരും, ഷോ കാണിക്കാന്‍ വരുന്നവരും

iffK 22

ഇവര്‍ തമ്മില്‍ പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലല്ലെങ്കില്‍പോലും , അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അവിലും, മലരും, തേങ്ങയും കര്‍പ്പൂരവും, നെയ്യുമാണ് ശബരി മല അയ്യപ്പനെ കാണാന്‍ ഭക്തന് വേണ്ടതെങ്കില്‍, സ്വാമിയെ ശരണമയ്യപ്പാ എന്ന് ഉരുവിട്ടുകൊണ്ടിരിക്കണമെങ്കില്‍ ..

IFFK അയ്യപ്പന്മാര്‍ക്ക്,

ഡിഎസ്എല്‍ആര്‍ ക്യാമറയും , ജിയോ നെറ്റ് പാക്ക് ആക്റ്റിവേറ്റ് ചെയ്ത ഐ ഫോണും, ഇംഗ്‌ളീഷ് എഴുത്തുകാരുടെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളാല്‍ എഴുതപ്പെട്ട രണ്ടു നോവലുകളും അടങ്ങിയ തുണിയുടെ തോള്‍സഞ്ചിയും, നീട്ടി വളര്‍ത്തിയ താടിയും, ഖാദിയുടെ ജുബ്ബയും, കഴുത്തിലും കയ്യിലും മാലകളും, പെണ്‍കുട്ടികളെങ്കില്‍ നീട്ടിയെഴുതിയ കണ്‍മഷി, വലിയ പൊട്ട്, പേര് പോലും വായിച്ചു നോക്കാത്ത രണ്ടു പുസ്തകങ്ങള്‍ , അവ കയ്യില്‍ പിടിച്ചിരിക്കണം, കൂടാതെ ഇടയ്ക്കിടയ്ക്ക് അസഹിഷ്ണുത അസഹിഷ്ണുത ഫാസിസം, ഫാസിസം എന്ന് ഉരുവിട്ട് കൊണ്ടേയിരിക്കണം. ഒപ്പം കഴുത്തില്‍ കിടക്കുന്ന രെജിസ്‌ട്രേഷന്‍ കാര്‍ഡ് ഇടയ്ക്കിടെ പൊക്കി കാണിക്കണം. ഇത്രയുമായാല്‍ നിങ്ങള്‍ ഒരു നല്ല ഒരു ഇന്റര്‍നാഷണല്‍ സിനിമാ സ്‌നേഹിയായി മാറിയിരിക്കും.

ജീവിതത്തിലിതുവരെ റേഷന്‍ കടയുടെ മുന്നില്‍ പോലും ക്യൂ നില്‍ക്കാത്ത ചില കോഴികള്‍ അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാന്‍ കുലീനരായി ക്യൂ നില്‍ക്കുന്നത് കാണുമ്പോഴാണ് അന്താരഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button