തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് മുന്‍ ബിജെപി സംസ്ഥാനധ്യക്ഷനും മിസോറം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി നേതാക്കള്‍ക്കും ചില പരിവാര്‍ നേതാക്കള്‍ക്കും കേന്ദ്രഭരണത്തിന്റെ ഗുണഫലങ്ങളുടെ പങ്കുപറ്റുന്നതില്‍ മാത്രമാണ് താല്‍പര്യമെന്ന് ശ്രീധരന്‍പിള്ള വിമര്‍ശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ജയിക്കാമായിരുന്നെന്നും ശ്രീധരന്‍പിള്ള നിരീക്ഷിക്കുന്നു. ചില നേതാക്കളുടെ ഉദാസീന മനോഭാവം കാരണമാണ് സീറ്റു കിട്ടാതെ പോയത്.
എന്‍ഡിഎയ്ക്ക് മൂന്നുശതമാനം വോട്ടു കുറഞ്ഞു. എല്‍ഡിഎഫിന് മൂന്നു ശതമാനം വോട്ടുകൂടിയപ്പോള്‍ യുഡിഎഫിനും ഒരുശതമാനം വോട്ട് വര്‍ധിച്ചു. 90 സീറ്റുകളില്‍ ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.