ആലുവ: അവിശ്വാസികൾക്കെതിരായ പരാമർശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പരാതി. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് ആലുവ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പൊലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ‘വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസനരൂപേണ കടന്നുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ല.
അവരുടെ സർവനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കും’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമർശനമുണ്ടായിരുന്നു. എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.