തിരുവനന്തപുരം:സംസ്ഥാനത്ത് കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ പരിപാലനത്തിനും നടത്തിപ്പിനും പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന പേരില്‍ കായിക യുവജനകാര്യ വകുപ്പിനു കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുക. 100 ശതമാനം സര്‍ക്കാര്‍ ഓഹരിയോടു കൂടി, ലാഭരഹിത കമ്പനിയായാണ് സ്പോര്‍ട്സ് കേരളാ ലിമിറ്റഡ് പ്രവര്‍ത്തിക്കുക.
കായിക-യുവജനകാര്യ ഡയറക്ടറുടെ കീഴിലുള്ള കായിക എഞ്ചിനീറിംഗ് വിഭാഗത്തെ പുനര്‍വിന്യസിച്ചാണ് കമ്പനി രൂപീകരിക്കുന്നത്. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ പരിപാലനം, പ്രോത്സാഹനം, സൗകര്യ പ്രവര്‍ത്തനങ്ങള്‍കൈകാര്യം ചെയ്യുന്നതിനുള്ള സംയോജിത മൂലധന നിര്‍മ്മാണം എന്നിവയാണ് സ്പോര്‍ട്സ് കേരളാ ലിമിറ്റഡിന്റെ ചുമതല. സര്‍ക്കാര്‍ അനുമതി നല്‍കിയതും കായിക എഞ്ചിനീയറിംഗ് വിംഗ് നടത്തുന്നതുമായ എല്ലാ പ്രവൃത്തികളും കമ്പനിക്ക് മുന്നോട്ട് കൊണ്ടുപോകാനാകും.
തിരുവനന്തപുരത്തുള്ള ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ്, കുമാരപുരം ടെന്നീസ് അക്കാദമി, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവയും കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോര്‍ട്ല് ലൈഫ് ഫിറ്റ്നസ് സെന്ററുകള്‍ എന്നിവ സ്പോര്‍ട്സ് ലിമിറ്റഡ് കമ്പനിക്ക് കീഴിലാകും പ്രവര്‍ത്തിക്കുക.