തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. അന്തര്‍സംസ്ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നപടി.
ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ ഡ്രൈവര്‍ ഷംജീര്‍ വഴി പോലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തി. മൂന്നര കോടിയോളം രൂപ കാറില്‍ ഉണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
കേസില്‍ ആകെ പത്തൊന്‍പത് പേരാണ് ഇതുവരെ പോലീസ് പിടിയിലായിട്ടുള്ളത്. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റഹീമാണ് ഒടുവില്‍ പിടിയിലായത്. മോഷണ പദ്ധതി ആസൂത്രണം ചെയ്ത പ്രതി തട്ടിപ്പിന്റെ ആദ്യാവസാന പങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.
കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജിനെ റിമാന്‍ഡ് ചെയ്തിരിന്നു. ഇരിങ്ങാലക്കുട കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്.
അതേസമയം, കേസില്‍ പിടിയിലായ അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരന്‍ ഷംജീറിന്റെ സഹായി അബ്ദുള്‍ റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. കേസിലെ രാഷ്ട്രീയ ബന്ധമടക്കമുള്ള വിവരങ്ങള്‍ ഇരുവരില്‍ നിന്നു ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഒളിവിലുള്ള സുജേഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പണം കൊടുത്തു വിട്ട ധര്‍മ്മരാജന്‍, ധര്‍മ്മരാജന് പണം കൈമാറിയ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.