ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യം മുക്തി നേടി വരുന്നതിനിടെ ആശങ്കയായി ഡെങ്കിപ്പനിയും. ഡെങ്കി വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒമ്പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ വിദഗ്ധര്‍ എത്തുന്നു. പനി പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിക്കാനാണ് ഉന്നതതല സംഘത്തിന്റെ വരവ്.
ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘമെത്തുന്നത്. ഡെങ്കി വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവിയ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,16,991 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 2783പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാല്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849പേരാണ് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തേടിയത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉള്‍പ്പെടെ 31 പേരാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നു ഡെങ്കിപ്പനി. അതിന് കാരണം കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ആയിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തില്‍ അന്ന് രോഗ പകര്‍ച്ചയും കുറവായിരുന്നു. 2017ലാണ് കേരളത്തില്‍ അവസാനമായി ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചത്. അതിനുശേഷം 2020ലും 2021 ലും വലിയ രോഗ പകര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാത്തു.അടിക്കടിയുള്ള മഴ രോഗ വ്യാപനത്തിന്റെ പ്രധാന കാരണമാണ്.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടത്തിയിട്ടുമില്ല . ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി എന്ന പകര്‍ച്ച വ്യാധിയും പടര്‍ന്നു തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന മണ്‍സൂണ്‍ കാലം അതീവ ജാഗ്രത വേണ്ട സമയമാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വലിയ തോതില്‍ പടരും. മരണ നിരക്കും ഉയരും.
കൊതുകു നിവാരണം ഉള്‍പ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ പകര്‍ച്ചവ്യാധിയാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തോട്ടം മേഖലകള്‍, തീരദേശ മേഖലകള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി രോഗ ബാധ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിനുള്ളിലും വീടിന് പുറത്തുമുള്ള വെള്ളക്കെട്ടുകള്‍, വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ, ചെടിച്ചട്ടി, ടയര്‍, ചിരട്ട അങ്ങനെ കൊചുകിന് വളരാനുള്ള സാഹചര്യമുള്ള ഇടങ്ങളില്‍ കര്‍ശന നിരീക്ഷണം അനിവാര്യമാണ്. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയാണ് രോഗ പ്രതിരോധത്തിനുള്ള ഒരു പോംവഴി. വ്യക്തി പരിസര ശചിത്വം പാലിക്കുന്നതിലൂടെ രോഗ പകര്‍ച്ചയുടെ ആഘാതം കുറക്കാനാകും.