മലബാറിലേയ്ക്കുള്ള യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം;കൊച്ചുവേളിയിൽ നിന്ന് കോട്ടയം വഴി മംഗലാപുരത്തേയ്ക്ക് സ്പെഷ്യൽ സർവീസ്

കൊച്ചുവേളിയിൽ നിന്ന് മെയ്‌ അഞ്ചുമുതൽ ജൂൺ 09 വരെ എല്ലാ തിങ്കളാഴ്ചകളിലും മംഗലാപുരത്തേയ്ക്ക് ജനറൽ കോച്ചുകൾ മാത്രമുള്ള സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ലാത്തത് കൊണ്ട് തന്നെ ഈ സർവീസ് സാധാരണ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മെയ്‌ 6 മുതൽ ജൂൺ 10 വരെ എല്ലാ ചൊവ്വാഴ്ചയും മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയിലേയ്ക്കും സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കും.7

വേനലവധി പ്രമാണിച്ച് മലബാർ ഭാഗത്തേയ്ക്കും തിരിച്ചും കോട്ടയം വഴിയുള്ള എല്ലാ സർവീസുകളും വളരെ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയാക്കിയിരുന്നു. മലബാർ, മംഗലാപുരം എക്സ്പ്രസ്സ്‌ ട്രെയിനു‌കളിലെ ജനറൽ കോച്ചുകളിൽ അതികഠിനമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.. മുന്നോ നാലോ ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകളിൽ വിദ്യാർത്ഥികളും പ്രായമായവരും തിങ്ങിഞെരുങ്ങി യാത്രചെയ്യേണ്ടി വരുന്ന സാഹചര്യം റെയിൽവേ ഉപദേശക സമിതി അംഗമായ കൊടുക്കുന്നിൽ സുരേഷ് എംപിയെ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ധരിപ്പിച്ചിരുന്നു. ജനറൽ മാനേജരുമായി എം പി നടത്തിയ കൂടിക്കാഴ്ചയുടെ വെളിച്ചത്തിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിക്കുകയായിരുന്നു. മാവേലിക്കര, ചങ്ങനാശ്ശേരി സ്റ്റേഷനിലെ സ്റ്റോപ്പിന്റെ കാര്യത്തിലും എം പി ഉറപ്പ് നൽകിയിരുന്നു. തിരക്കുകൾക്ക് ശാശ്വത പരിഹരമാകാൻ സർവീസ് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് മെയ്‌ 14 ന് ഡിവിഷൻ ആസ്ഥാനത്ത് നടക്കുന്ന മീറ്റിംഗിൽ ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

മെയ്‌ 05, 12, 19, 26 ജൂൺ 02, 09 തിങ്കളാഴ്ച ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 05.30 ന് പുറപ്പെട്ട് മംഗലാപുരത്ത് ചൊവ്വാഴ്ച പുലർച്ചെ 06.50 ന് എത്തിച്ചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച്‌ മെയ്‌ 06, 13, 20, 27 ജൂൺ 3, 10 ചൊവ്വാഴ്ചകളിൽ മംഗലാപുരത്ത് നിന്ന് വൈകുന്നേരം 06.00 ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 06.35 ന് കൊച്ചുവേളിയിൽ എത്തിച്ചേരും.

അതുപോലെ ആഴ്ചയിൽ രണ്ടുദിവസം മാത്രം സർവീസ് നടത്തുന്ന 16361/62 വേളാങ്കണ്ണി എക്സ്പ്രസ്സ്‌ ഒരു അധിക സർവീസ് കൂടി പരിഗണിക്കണമെന്ന് കൂടി ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ എം പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News