തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തതിനാല്‍ ബില്ല് കൊണ്ട് വരാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. ബില്ലിന് അംഗീകാരം നല്‍കാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും.
തിരുവനന്തപുരത്ത് രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ നേരത്തെ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്.
അതേസമയം ജനുവരി 30ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക.
എന്നാല്‍, സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി . താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നിയമമാണ് പറയുന്നത്. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.