തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനോട് സ്പീക്കർ എ എൻ ഷംസീറിന്‍റെ റൂളിംഗ്. ചോദ്യങ്ങൾക്കുള്ള മറുപടി നീളുന്ന വിഷയത്തിലാണ് ധനമന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ് ലഭിച്ചത്. നിയമസഭാ ചോദ്യങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകണമെന്നും ഇക്കാര്യത്തിൽ മറ്റ് മന്ത്രിമാരെ ധനമന്ത്രി കെ എൻ ബാലഗോപാൽ മാതൃകയാക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
ധനവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കിട്ടുന്നില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ച ക്രമ പ്രശ്നത്തിലാണ് സ്പീക്കറുടെ ഇടപെടലുണ്ടായത്. നടപ്പ് സമ്മേളനത്തിലെ 199 ചോദ്യങ്ങൾ അടക്കം 300 ഓളം ചോദ്യങ്ങൾക്ക് ധനവകുപ്പ് മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടിയിരുന്നു. നടപ്പ് സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട സമയപരിധി തീർന്നിട്ടില്ലെന്നും വർഷങ്ങൾ പഴക്കമുള്ള വിവരങ്ങൾ ക്രോഡീകരിക്കേണ്ടത് ഉള്ളതുകൊണ്ടാണ് മറ്റു മറുപടികൾ വൈകുന്നതെന്നും മന്ത്രി മറുപടി നൽകി.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സമയപരിധി ഉപയോഗപ്പെടുത്താവു എന്ന് സ്പീക്കർ എ എൻ ഷംസീർ ധനമന്ത്രിയോട് പറഞ്ഞു. മുൻ റൂളിംഗുകൾ അനുസരിച്ചാണ് മറ്റ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. ധനമന്ത്രിയും മറ്റ് മന്ത്രിമാരുടെ മാതൃക ഇക്കാര്യത്തിൽ പിന്തുടരണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.