മലപ്പുറം: ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകള്‍ ഊരുവിലക്കേര്‍പ്പെടുത്തിയ മന്‍സിയ പുതിയ ജീവിതത്തിലേക്ക്. തൃശൂര്‍ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മന്‍സിയയെ സ്വന്തമാക്കിയത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എം.ബി രാജേഷ് രംഗത്തെത്തി. പ്രതിലോമകാരികളുടെ ഭീഷണിയെയും എതിര്‍പ്പിനെയും സധൈര്യം നേരിട്ട മനസിയയ്ക്കും ചേര്‍ത്തുപിടിച്ച ശ്യാമിനും ആശംസകള്‍ നേരുകയാണ് സ്പീക്കര്‍.
‘കഴിഞ്ഞ ദിവസം വിവാഹിതരായ മന്‍സിയക്കും ശ്യാമിനും ആശംസകള്‍. ഇരുവരും കലാരംഗത്തുള്ളവരാണ്. മന്‍സിയ നര്‍ത്തകിയും ശ്യാം വയലിനിസ്റ്റും. പ്രതിലോമകാരികളുടെ ഭീഷണിയെയും എതിര്‍പ്പിനെയും സധൈര്യം നേരിട്ടാണ് മന്‍സിയ നൃത്തവും കഥകളിയുമൊക്കെ പഠിച്ചത്.ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ റീസര്‍ച് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. ജീവിതത്തില്‍ എന്നും ഉയര്‍ത്തിപ്പിടിച്ച പുരോഗമന ജീവിതാവബോധവും മതനിരപേക്ഷ നിലപാടും ഇരുവര്‍ക്കും ഭാവിയിലും വഴി കാണിക്കട്ടെ’, എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ചെറുപ്പം മുതല്‍ മനസ്സില്‍ കലയെ നെഞ്ചേറ്റിയ മന്‍സിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇസ്ലാമായ പെണ്‍കുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മതമൗലികവാദികള്‍ മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവര്‍ മതശാസനം നല്‍കി. തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഇവര്‍ അനുവദിച്ചില്ല.
കലാജീവിതത്തില്‍ മതം തടസമാകുമെന്ന കണ്ട മന്‍സിയ ഇസ്ലാമിക ജീവിത രീതികള്‍ തന്നെ ഉപേക്ഷിച്ചു. ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയ മന്‍സിയ കേരള കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നു. അതേസമയം, മതമൗലികവാദികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാല്‍ അതെല്ലാം അവഗണിക്കുകയാണ് പതിവെന്നും മന്‍സിയ പറയുന്നു.