NationalNews

സമവായ നീക്കം പാളി; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതിപക്ഷം, കൊടിക്കുന്നില്‍ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ കളമൊരുങ്ങുന്നു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് എന്‍ഡിഎയും ഇന്ത്യാ മുന്നണിയും സമവായത്തില്‍ എത്താതായതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് എംപിയും മലയാളിയുമായ കൊടിക്കുന്നില്‍ സുരേഷ് ആണ് പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ ലോക്‌സഭയിലെ സ്പീക്കറായ ഓം ബിര്‍ളയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്. ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. ലോക്സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് സമവായമുണ്ടാക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിനേയും കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിരുന്നു.

എന്നാല്‍ പഴയ പതിവ് പോലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് ലഭിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ഡിഎ നോമിനിയെ പിന്തുണയ്ക്കാം എന്ന് പ്രതിപക്ഷം നിലപാടെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി തരാതിരുന്നതോടെയാണ് പ്രതിപക്ഷം മത്സരരംഗത്തേക്ക് കടന്നത്. 41,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഓം ബിര്‍ള കോട്ട ലോക്സഭാ സീറ്റില്‍ വിജയിച്ചത്.

മാവേലിക്കരയില്‍ നിന്ന് 10638 വോട്ടിനാണ് കൊടിക്കുന്നില്‍ സുരേഷ് ജയിച്ചത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്. 1989 മുതല്‍ 2024 വരെ മത്സരിച്ച പത്തില്‍ എട്ട് തവണയും കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം വാശിയേറിയതായിരിക്കും എന്ന് ഉറപ്പാണ്.

ബിജെപിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം നേടാന്‍ ഈ തിരഞ്ഞെടുപ്പില്‍ സാധിച്ചിരുന്നില്ല. 240 എംപിമാരാണ് ലോക്‌സഭയില്‍ ബിജെപിക്കുള്ളത്. 543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് 273 എംപിമാര്‍ വേണം. എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്‍ബലത്തില്‍ കേന്ദ്ര സര്‍ക്കാരിന് 290 എംപിമാരുടെ പിന്തുണയുണ്ട്. 16 എംപിമാരുള്ള ടിഡിപി, 12 എംപിമാരുള്ള ജെഡിയു എന്നിവരാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയെ സഹായിച്ചത്.

മറുവശത്ത് ഇന്ത്യാ സഖ്യത്തിന് 235 സീറ്റാണ് ഉള്ളത്. 99 സീറ്റുള്ള കോണ്‍ഗ്രസാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എസ്പിക്ക് 37 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് 29 സീറ്റും ഡിഎംകെയ്ക്ക് 22 സീറ്റുമുണ്ട്. നിലവിലെ സീറ്റ് നില അനുസരിച്ച് ഓം ബിര്‍ളക്ക് തന്നെയാണ് സാധ്യത. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സീറ്റുകള്‍ തമ്മില്‍ നേരിയ വ്യത്യാസമെ ഉളളൂ എന്നതാണ് ശ്രദ്ധേയം.

ഇരുമുന്നണിയിലും ഉള്‍പ്പെടാത്ത 18 എംപിമാരാണ് ഉള്ളത്. ഇതില്‍ നാല് പേര്‍ വൈഎസ്ആര്‍സിപിയില്‍ നിന്നുള്ളവരാണ്. ഈ 18 പേരും ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുകയും എന്‍ഡിഎയിലെ ഏതെങ്കിലും കക്ഷികള്‍ വോട്ട് മറിക്കുകയും ചെയ്താല്‍ സ്ഥിതി മാറും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് കൊടുക്കാന്‍ എന്‍ഡിഎ തയ്യാറായിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് കൊടുക്കുന്നതാണ് പാര്‍ലമെന്റിലെ കീഴ്‌വഴക്കം. എന്നാല്‍ 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇത് ലംഘിക്കപ്പെട്ടു. 2014 ല്‍ എന്‍ഡിഎയിലെ ഘടകകക്ഷിയായ എഐഎഡിഎംകെയുടെ എം തമ്പി ദുരൈയെ ആണ് ഡെപ്യൂട്ടി സ്പീക്കറായി ബിജെപി നിയമിച്ചിരുന്നത്. 2019 മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button