ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. ഈ മാസം മൂന്നു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. അതിജീവതയ്ക്ക് നഷ്ടപരിഹാരമായി 1.34 കോടി രൂപ (15,00,00 യൂറോ) നൽകാനും കോടതി ഉത്തരവിട്ടു.
2022 ഡിസംബർ 31ന് പുതുവർഷ ആഘോഷത്തിനിടെ ബാർസിലോനയിലെ നിശാ ക്ലബ്ബിലെ ശുചിമുറിയിൽവച്ച് യുവതിയെ ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ സമ്മതമില്ലാതെയാണ് ആൽവസ് ലൈംഗിക ബന്ധത്തിൽലേർപ്പെട്ടതെന്ന് കോടതി വിചാരണയിൽ തെളിഞ്ഞു. എന്നാൽ കുറ്റം ചെയ്തിട്ടിട്ടില്ലെന്ന് ആൽവസ് കോടതിയിൽ പറഞ്ഞു. വിധിക്കെതിരെ താരത്തിന് അപ്പീൽ നൽകാൻ അവസരമുണ്ട്.
കഴിഞ്ഞ ജനുവരി 20ന് അറസ്റ്റിലായ ഡാനി ആൽവ്സ് നിലവിൽ ജയിലിലാണ്. താരത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മറ്റു രാജ്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പൗരന്മാരെ രാജ്യത്തേയ്ക്ക് ബ്രസീൻ തിരിച്ചെത്തിക്കാറില്ലെന്നതും താരത്തിന് വിനയായി.
നിശാക്ലബിൽ ആൽവസിനൊപ്പം നൃത്തം ചെയ്യുകയും ശുചിമുറിയിൽ സ്വമേധയാ പ്രവേശിക്കുകയും ചെയ്തതാണെന്ന് യുവതി കോടതിയിൽ പറഞ്ഞു. എന്നാൽ പിന്നീട് പോകാൻ ആഗ്രഹിച്ചപ്പോൾ അനുവദിച്ചില്ല. തന്നെ തല്ലുകയും അപമാനിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. എന്നാൽ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ആൽവസ് കോടതിയിൽ വാദിച്ചെങ്കിൽ സംഭവസമയം താരം അമിതമായി മദ്യപിച്ചിരുന്നെന്ന് കോടതി കണ്ടെത്തി.
ബാർസിലോന, യുവന്റസ്, പിഎസ്‍ജി എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് ഡാനി ആൽവസ്. നിരവധി കിരീടങ്ങളും നേടി. ബ്രസീൽ രണ്ടു തവണ കോപ്പ അമേരിക്കയും ഒരു തവണ ഒളിംപിക് സ്വർണ മെഡലും നേടിയപ്പോൾ ആൽവസിന്റെ പ്രകടനം നിർണായകമായി. 2022ലെ ഖത്തർ ലോകകപ്പിലും ബ്രസീലിനു വേണ്ടി കളിച്ചു. അറസ്റ്റിലാകുമ്പോൾ മെക്‌സിക്കൻ ക്ലബ് പ്യൂമസിനൊപ്പമായിരുന്നു താരം. കേസിനെ തുടർന്ന് കരാർ അവസാനിപ്പിച്ചു.