വായ പൊത്തി സംസാരിച്ച് കുകുറെല്ല,റഫറിയെ അറിയിച്ച് മെസ്സി, ചുവപ്പ് കാർഡ് കൊടുക്കാതിരിക്കാൻ കാരണം ഇതാണ്

വായ പൊത്തി സംസാരിച്ച് കുകുറെല്ല,റഫറിയെ അറിയിച്ച് മെസ്സി, ചുവപ്പ് കാർഡ് കൊടുക്കാതിരിക്കാൻ കാരണം ഇതാണ്

ന്യൂയോർക്ക്: അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നാടകീയതകൾ നിറഞ്ഞതായിരുന്നു. പ്രതിരോധിച്ചുകളിച്ച അർജന്റീനയെ ഒരു ഗോളിനാണ് സ്‌പെയിൻ കീഴടക്കിയത്. നിശ്ചിതസമയത്ത് സമനിലയിൽ പിരിഞ്ഞ ഫൈനലിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ വിജയഗോൾ വന്നത്. ഇതിന് പിന്നാലെ സ്പാനിഷ് പ്രതിരോധതാരം മാർക് കുകുറെല്ല ലയണൽ മെസ്സിയോട് വായ പൊത്തിപ്പിടിച്ച് സംസാരിച്ചതും മെസ്സി റെഡ് കാർഡിനായി വാദിച്ചതുമെല്ലാം മത്സരത്തെ ചൂടുപിടിപ്പിച്ചു. 93-ാം മിനിറ്റിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതിന് പിന്നാലെയായിരുന്നു ഈ നാടകീയ സംഭവങ്ങൾ.

സ്‌പെയ്‌നിന്റെ പ്രതിരോധതാരം കുബാസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് എൻസോ ഫെർണാണ്ടസ് പുറത്തായത്. തുടർന്ന് ഇരുടീമുകളിലേയും താരങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടയിൽ സ്പാനിഷ് പ്രതിരോധ താരം മാർക് കുകുറെല്ല വായ പൊത്തിപ്പിടിച്ച് മെസ്സിയോട് സംസാരിച്ചു. മെസ്സി ഉടൻ തന്നെ ഇത് റഫറിയെ അറിയിച്ചു. വാർ പരിശോധനയ്ക്ക് ശേഷം യാതൊരു ദുരുദ്ദേശ്യപരമായ വാക്കുകളും കുകുറെല്ല കൈമാറിയിട്ടില്ലെന്നും അതിനാൽ ചുവപ്പ് കാർഡ് വേണ്ടെന്നും വാർ റഫറിമാർ തീരുമാനിക്കുകയായിരുന്നു.

ഫിഫയുടെ പുതിയ നിയമം അനുസരിച്ച് ഒരു കളിക്കാരൻ വാക്കുതർക്കത്തിനിടെ കൈ അല്ലെങ്കിൽ ജെഴ്‌സി ഉപയോഗിച്ച് വായ പൊത്തിപ്പിടിച്ചാൽ ചുവപ്പ് കാർഡ് കിട്ടാൻ സാധ്യതയുണ്ട്. അതേസമയം ക്ലബ്ബിൽ കളിക്കുന്ന സഹതാരങ്ങളുമായി സൗഹൃദപരമായ സംഭാഷണത്തിനെ വാ പൊത്തിപ്പിടിച്ചാൽ ഈ നിയമം ബാധകമല്ല. ഇതിന് മുമ്പ് പരാഗ്വേയുടെ മിഗ്വെൽ അൽമറോണിനും ഇക്വഡോറിന്റെ പിയറോ ഹറമേകിപിക്കും ഇത്തരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിന് നേരെ വാ പൊത്തിപ്പിടിച്ച് മോശം കാര്യങ്ങൾ സംസാരിച്ചു. തുടർന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ഈ നിയമം കൊണ്ടുവരുന്നതിനെ പിന്തുണച്ചത്.

അതേസമയം കുകുറെല്ലയ്‌ക്കെതിരെ റെഡ് കാർഡിനായി വാദിച്ച മെസ്സിക്കെതിരേയും വിമർശനമുയർന്നു. പക്വതയുള്ള കളിക്കാരൻ ഒരു കുഞ്ഞിനെപ്പോലെ ഒരിക്കലും പെരുമാറാൻ പാടില്ലായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ലീ ഡിക്‌സൺ വ്യക്തമാക്കി. ലയണൽ മെസ്സി പോലും ഇങ്ങനെയാരു നീക്കത്തിന് മുതിർന്നെങ്കിൽ സ്‌പെയിൻ എത്രത്തോളം കളിയിൽ ആധിപത്യം സ്ഥാപിച്ചു എന്നതിന്റെ തെളിവാണെന്ന് മുൻ ഇംഗ്ലീഷ് ഗോൾകീപ്പർ ജോ ഹാർട്ടും ചൂണ്ടിക്കാണിച്ചു. ഇത് നിസഹായാവസ്ഥയാണെന്നും അർജന്റീന ഇങ്ങനെയാണ് കളിക്കുകയെന്ന് നമുക്കറിയാമെന്നും സ്‌പോർട്‌സ്മാൻ സ്പിരിറ്റാണ് വേണ്ടതെന്നും മുൻ ഇംഗ്ലീഷ് താരം വെയ്ൻ റൂണിയും വ്യക്തമാക്കി.

English Summary

In a highly dramatic final in New York, Spain defeated Argentina 1-0 in extra time to lift the Football World Cup. After a goalless draw in regulation time, the match turned chaotic when Argentina’s Enzo Fernandez received a second yellow card in the 93rd minute, reducing the team to 10 men. Following Spain’s decisive goal, Spanish defender Marc Cucurella provoked Lionel Messi by talking with his mouth covered, leading to a heated exchange where Messi fiercely demanded a red card for Cucurella from the referee.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News