ഡാലസ്: ടൂർണമെന്റിലുടനീളം ആക്രമണഫുട്ബോൾ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഫ്രഞ്ച് പടയ്ക്ക് സ്പെയിൻ പൂട്ടൊരുക്കി. അത് പൊളിക്കാൻ എംബാപ്പെയ്ക്കും സംഘത്തിനുമായില്ല. അതോടെ സെമിയിൽ വിജയഭേരി മുഴക്കി സ്പെയിൻ ഫൈനലിൽ. സെമിയിൽ തോറ്റ് ഫ്രഞ്ച് പട പുറത്ത്. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് സ്പെയിനിന്റെ ജയം. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാർഥത്തിൽ പൂട്ടിയാണ് സ്പെയിൻ ഫൈനൽ ടിക്കറ്റെടുത്തത്. ഇംഗ്ലണ്ട്-അർജന്റീന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.
പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിക്കെൽ ഒയർസബാലാണ് സ്പെയിനിനായി ആദ്യഗോളടിച്ചത്. ബോക്‌സിനുള്ളിൽ നിന്ന് ലാമിൻ യമാലിനെ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെ ഫൗൾ ചെയ്തതാണ് പെനാൽറ്റിക്ക് വഴിവെച്ചത്. പെനാൽറ്റിയെടുത്ത ഒയർസബാലിന് പിഴച്ചില്ല. ആദ്യപകുതിയിൽ ഒരുഗോളിന് സ്പെയിൻ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സ്പെയിൻ ലക്ഷ്യം കണ്ടു. 58-ാം മിനിറ്റിൽ പെഡ‍്രോ പോറോയാണ് വലകുലുക്കിയത്. ബോക്‌സിന് പുറത്തുനിന്ന് പെഡ്രോ പോറോ നടത്തിയ സുന്ദരമായ നീക്കമാണ് ലക്ഷ്യം കണ്ടത്. പന്തുമായി മുന്നേറിയ പെഡ്രോ പോറോ ഡാനി ഒൽമോയ്ക്ക് കൈമാറി. ഒൽമോ പെട്ടെന്ന് തന്നെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ പെഡ്രോ പോറോ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അതോടെ ഫ്രഞ്ച് പട ഞെട്ടി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫ്രാൻസിനായില്ല.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും ആധികാരികജയങ്ങളുമായാണ് ഫ്രാൻസ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങേയിവന്ന സ്പെയിൻ പിന്നീട് സൗദിയെയും യുറഗ്വായെയും ഓസ്ട്രിയയെയും പോർച്ചുഗലിനെയും ബെൽജിയത്തെയും മറികടന്നാണ് സെമിയിലെത്തിയത്. ബെൽജിയത്തോട് മാത്രമാണ് അവർ ഗോൾ വഴങ്ങിയത്.


