സ്പാനിഷ് പടയോട്ടം! മൂന്നടിച്ച് ഓസ്ട്രിയയെ വീഴ്ത്തി, സ്പെയിൻ പ്രീ-ക്വാർട്ടറിൽ

മൂന്നടിച്ച് ഓസ്ട്രിയയെ വീഴ്ത്തി, സ്പെയിൻ പ്രീ-ക്വാർട്ടറിൽ

ലോസ് ആഞ്ജലീസ്: ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ച് സ്പെയിൻ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ വീഴ്ത്തിയാണ് സ്പെയിൻ അടുത്ത റൗണ്ടിലേക്ക് കടന്നത്. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ജയം. സ്പെയിനിനായി മിക്കൽ ഒയർസബാൽ ഇരട്ടഗോളുകൾ നേടി.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച നീക്കങ്ങളുമായി സ്പാനിഷ് സംഘം കളം നിറയുന്നതാണ് കണ്ടത്. കൗമാരതാരം ലാമിൻ യമാലും ഒയർസബാലും ഡേവിഡ് ഒൽമോയുമെല്ലാം ഓസ്ട്രിയൻ ഗോൾമുഖം വിറപ്പിച്ചു. ആദ്യമിനിറ്റിൽ തന്നെ യമാലിന്റെ ഷോട്ട് ഓസ്ട്രിയൻ ഗോളി തട്ടിയകറ്റി. ഏഴാം മിനിറ്റിൽ ഒൽമോയും എട്ടാം മിനിറ്റിൽ ഐമെറിക് ലപോർട്ടയും ഗോളിനടുത്തെത്തി. ഓസ്ട്രിയൻ കീപ്പറുടെ കൃത്യമായ ഇടപെടലുകളാണ് രക്ഷയായത്. വലതുവിങ്ങിൽ നിന്ന് യമാൽ മികച്ച നീങ്ങൾ നടത്തി. കൗമാരതാരം ഓസ്ട്രിയൻ പ്രതിരോധനിരയ്ക്ക് നിരന്തരം ഭീഷണി ഉയർത്തി. കിട്ടിയ അവസരങ്ങളിൽ ഓസ്ട്രിയയും മുന്നേറി. പക്ഷേ സ്‌പെയിൻ ഗോൾമുഖത്ത് അപകടംവിതക്കുന്ന തരത്തിൽ മുന്നേറ്റങ്ങൾ മാറിയില്ല.

35-ാം മിനിറ്റിൽ ഓസ്ട്രിയൻ നായകൻ ഡേവിഡ് അലാബയുടെ ഗോൾശ്രമവുമുണ്ടായി. എന്നാൽ പിന്നാലെ സ്‌പെയിൻ ലീഡെടുത്തു. 36-ാം മിനിറ്റിൽ മിക്കൽ ഒയർസബാലാണ് വലകുലുക്കിയത്. ഇടതുവിങ്ങിൽ നിന്ന് മാർക്ക് കുക്കുറയ്യയുടെ പാസ് മാർക്ക് ചെയ്യപ്പെടാതിരുന്ന ഒയർസബാൽ അനായാസം വലയിലേക്ക് അടിച്ചിട്ടു. ഗോൾ വീണതിന് പിന്നാലെയും യമാലും ഒയർസബാലും മുന്നേറിക്കളിച്ചു. ആദ്യപകുതിയുടെ അവസാനം ഓസ്ട്രിയക്ക് മികച്ച അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതോടെ ആദ്യ പകുതി ഒരു ഗോളിന് സ്‌പെയിൻ മുന്നിട്ടുനിന്നു. ആദ്യപകുതിയിൽ 11 ഷോട്ടുകളാണ് സ്‌പെയിൻ തൊടുത്തത്. ആറ് ഷോട്ടുകൾ ലക്ഷ്യത്തിലേക്കും. എന്നാൽ ഓസ്ട്രിയയുടെ ഒറ്റ ഷോട്ടും പോസ്റ്റിലേക്ക് പോയില്ല.

രണ്ടാം പകുതിയിലും സ്‌പെയിൻ തുടരെത്തുടരെ ആക്രമണങ്ങൾ നടത്തുന്നതാണ് കണ്ടത്. ഓസ്ട്രിയയാകട്ടെ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. അർണട്ടോവിക്കിനെ കളത്തിലിറക്കി റാൾഫ് റാഗ്നിക്ക് മുന്നേറ്റങ്ങൾക്ക് വേഗം കൂട്ടി. ഒൽമോയും യമാലും പലതവണ ഗോളിനടുത്തെത്തി. ഒടുക്കം 66-ാം മിനിറ്റിൽ സ്‌പെയിനിന്റെ രണ്ടാം ഗോളുമെത്തി. അലക്‌സ് ബയേനയുടെ അസിസ്റ്റിൽ ഹെഡറിലൂടെ താരം ലക്ഷ്യം കണ്ടു. അതോടെ ഓസ്ട്രിയ പ്രതിരോധത്തിലായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവർക്കായില്ല. 89-ാം മിനിറ്റിൽ ഒയർസബാൽ ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തിയതോടെ ഓസ്ട്രിയൻ പതനം പൂർണമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News