KeralaNews

ജെസ്‌നയുടെ തിരോധാനത്തില്‍ തുറന്ന് പറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്ന് എസ്.പി

കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വര്‍ഷത്തോടടുക്കുന്നു. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ജെസ്‌നയെ കണ്ടെത്താനാവാത്തതിനെതിരെ വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. ഇതിനിടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍. തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം അന്വേഷണത്തില്‍ മങ്ങലേല്‍പ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല.

മാര്‍ച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചെങ്കിലും കൊവിഡ് വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്നത്. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണു പോയതെന്നാണു വിവരം.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്‌നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്‌നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്‌നയല്ലെന്നു പിന്നീട് വ്യക്തമായി.

ബംഗളുരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്‌നയുടേതായിരുന്നില്ല. സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button