ചെന്നൈസൂര്യ എന്ന വ്യക്തി ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനാണെന്ന് മറ്റാരേക്കാളും നന്നായി മകൾ ദിയയ്ക്കറിയാം. സിനിമയുടെ തിരക്കുകൾക്കിടയിലും തന്റെ അഗാരം ഫൗണ്ടേഷനിലൂടെ ഒരുപാട് കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകുന്ന അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ.
മാതൃഭാഷയായ തമിഴിന് 95, ഇംഗ്ലിഷിന് 99, ഗണിത ശാസ്ത്രത്തിന് 100, ശാസ്ത്രത്തിന് 98, സാമൂഹിക ശാസ്ത്രത്തിന് 95 എന്നിങ്ങനെ മികച്ച മാർക്കുകൾ വാങ്ങിയാണ് ദിയ പത്താംക്ലാസ് വിജയിച്ചത്. മകളുടെ വിജയത്തിൽ ആഹ്ലാദിക്കുന്നതോടൊപ്പം തന്റെ ഫൗണ്ടേഷനിലെ കുട്ടികളുടെ പത്താംക്ലാസ് വിജയത്തിലും ആ കുടുംബം ഏറെ ആഹ്ലാദിക്കുന്നുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി സൂര്യ നടത്തുന്ന എൻജിഒ ഫൗണ്ടേഷനായ അഗാരത്തിലൂടെ മൂവായിരത്തിലധികം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച 54 കുട്ടികൾ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. 1169 എൻജിനീയർമാരും അവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അഗാരത്തിൽ പഠിച്ചിറങ്ങിയ ആദ്യതലമുറയിലെ കുട്ടികളിൽ 90 ശതമാനം പേരും ബിരുദധാരികളാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലം ഉപരിപഠനത്തിന് വഴിയടഞ്ഞ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം നേടാൻ അഗാരം ഫൗണ്ടേഷൻ സഹായിക്കുന്നുണ്ട്.
അഗാരം ഫൗണ്ടേഷനിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് വിവിധ സ്ഥാപനങ്ങൾ അവസരങ്ങളും സൗജന്യ ഹോസ്റ്റൽ സൗകര്യവും നൽകാറുണ്ട്. ഗോത്രവിഭാഗത്തിലുള്ള കുട്ടികൾക്കും ഇടയ്ക്കു വച്ചു പഠനം നിലച്ചുപോയ വിദ്യാർഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള അവസരവും അഗാരം ഫൗണ്ടേഷൻ നൽകുന്നുണ്ട്. മതാപിതാക്കൾ നഷ്ടപ്പെട്ടവർ, പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികൾ, അഭയാർഥികളുടെ കുട്ടികൾ എന്നിവർക്കും ഉപരിപഠനത്തിനുള്ള സൗകര്യം അഗാരം ഫൗണ്ടേഷൻ ചെയ്തുകൊടുക്കുന്നുണ്ട്.