അടിയ്ക്ക് തിരിച്ചടി; ഇന്ത്യയെ നാലുവിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക; പരമ്പര സമനിലയിൽ

തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, ഇന്ത്യയെ നാലുവിക്കറ്റിന് കീഴടക്കി; പരമ്പര സമനിലയിൽ

റായ്പുര്‍: റായ്പുരിൽ ഇന്ത്യൻ റൺമല താണ്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. കോലിയുടെയും ഗെയ്ക്വാദിന്റെയും സെഞ്ചുറിക്ക് അതേനാണയത്തിൽ പ്രോട്ടീസിന്റെ മറുപടി. എയ്ഡൻ മാർക്രം സെഞ്ചുറി തികച്ചപ്പോൾ മാത്യു ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അർധസെഞ്ചുറി തികച്ചു. അതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1)

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. എട്ടുറണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും നായകന്‍ തെംബ ബാവുമയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പത്താം ഓവറില്‍ ടീമിനെ അമ്പത് കടത്തിയ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ പരുങ്ങലിലായി. മാര്‍ക്രം അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു ടീം. ക്യാപ്റ്റന്‍ ബാവുമയെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

നാലാമനായിറങ്ങിയ മാത്യു ബ്രീറ്റ്‌സ്‌കെയെ ഒരു വശത്തുനിര്‍ത്തി മാര്‍ക്രം അടിച്ചുതകര്‍ക്കുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. അതോടെ പ്രോട്ടീസ് സ്‌കോര്‍ കുതിച്ചു. വൈകാതെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. മാര്‍ക്രമിനെ പുറത്താക്കി ഹര്‍ഷിത് റാണ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. 98 പന്തില്‍ നിന്ന് 110 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 10 ഫോറുകളും നാല് സിക്‌സറുകളുമടങ്ങുന്നതാണ് ഇന്നിങ്‌സ്.

മാര്‍ക്രം പുറത്തായെങ്കിലും ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. അതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. വെടിക്കെട്ടോടെ ബ്രവിസ് അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ ബ്രീറ്റ്‌സ്‌കെയും അമ്പത് കടന്നതോടെ ടീം 280 കടന്നു. 34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ബ്രവിസിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 92 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 68 റണ്‍സെടുത്ത ബ്രീറ്റ്‌സ്‌കെയും മടങ്ങിയതോടെ പ്രോട്ടീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയിലായി. മാർകോ യാൻസൻ രണ്ടു റൺസെടുത്ത് കൂടാരം കയറി. പരിക്കേറ്റ ടോണി ഡി സോർസി (17) പുറത്തുപോയെങ്കിലും കോർബിൻ ബോഷും(29) കേശവ് മഹാരാജും(10) ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ശ്രദ്ധയോടെയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ടത്. നാലോവറില്‍ ടീം 28 റണ്‍സെടുത്തു. നാന്ദ്ര ബര്‍ഗര്‍ എറിഞ്ഞ അഞ്ചാമത്തെ ഓവറിലെ ആദ്യ മൂന്നു പന്തുകളും രോഹിത് ഫോറടിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ താരം പുറത്തായി. എട്ടു പന്തില്‍ നിന്ന് 14 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ ജയ്‌സ്വാളും കൂടാരം കയറിയതോടെ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. ഇരുവരും പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ബാറ്റേന്തി. അതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലായിരുന്നു ടീം. പിന്നാലെ ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ താരങ്ങള്‍ അര്‍ധസെഞ്ചുറിയും തികച്ചു. ആദ്യം ഗെയ്ക്വാദും തൊട്ടുപിന്നാലെ കോലിയും അമ്പത് റണ്‍സ് തികച്ചതോടെ ടീം 150- കടന്നു. പിന്നീട് ഓരോ ഓവറിലും കൃത്യമായ റണ്‍റേറ്റോടെ ഇന്ത്യ മുന്നോട്ടേയ്ക്ക് കുതിച്ചു. 30-ാം ഓവറില്‍ സ്‌കോര്‍ 200 കടക്കുകയും ചെയ്തു.

അടിച്ചുകളിച്ച ഗെയ്ക്വാദ് വൈകാതെ സെഞ്ചുറി തികച്ചു. 77 പന്തിൽ നിന്നാണ് താരം മൂന്നക്കം തൊട്ടത്. എന്നാൽ 105 റൺസിൽ ഗെയ്ക്വാദ് കൂടാരം കയറി. ട്രാക്ക് മാറ്റി കളിച്ച കോലി ഫോറുകളും സിക്സറുകളും കൊണ്ട് അതിവേഗം സ്കോറുയർത്തി. പിന്നാലെ കോലിയുടെ സെഞ്ചുറിയുമെത്തി. ഏകദിന ക്രിക്കറ്റിലെ 53-ാമത്തെ സെഞ്ചുറിയാണ് കോലിയുടെത്. സെഞ്ചുറി തികച്ചതിന് പിന്നാലെ കോലിയും വേഗം മടങ്ങി. 93 പന്തില്‍ നിന്ന് 102 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഏഴുഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

കോലിയും ഗെയ്ക്വാദും പുറത്തായതോടെ ഇന്ത്യ 184-4 എന്ന നിലയിലായി. ഒരു റണ്ണെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ റണ്ണൗട്ടായി. എന്നാല്‍ ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോര്‍ 300 കടത്തി. ജഡേജയെ ഒരുവശത്തുനിര്‍ത്തി രാഹുല്‍ പ്രോട്ടീസ് ബൗളര്‍മാരെ തകര്‍ത്തടിച്ചു. 33 പന്തില്‍ ഇന്ത്യന്‍ നായകന്‍ അര്‍ധസെഞ്ചുറിയും തികച്ചു. അവസാനഓവറുകളിൽ രാഹുൽ വെടിക്കെട്ട് നടത്തിയതോടെ ടീം അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 ലെത്തി. രാഹുൽ 43 പന്തിൽ നിന്ന് 66 റൺസെടുത്തും ജഡേജ 24 റൺസെടുത്തും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസൻ രണ്ടുവിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News