കണ്ണൂര്‍: ഷൊർണൂർ സ്വദേശിയായ യുവതിയെ റെയിൽവേ ട്രാക്കിനരികിൽ തലയ്ക്കു മാരക പരുക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ വാർത്തയറിഞ്ഞ് കേരളം ഞെട്ടി.2011 ഫെബ്രുവരി ഒന്നിന് കൊച്ചിയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്ന 23 കാരിയായ യുവതിയെ വള്ളത്തോൾനഗർ റെയിൽവേ സ്‌റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിട്ടത്. പിന്നാലെ ചാടിയിറങ്ങിയ പ്രതി പാളത്തിൽ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിലെ പൈസയും കവർന്ന് ഇയാൾ രക്ഷപ്പെട്ടു.
ഒരു മണിക്കൂറിലേറെ സമയം എഴുന്നേൽക്കാൻ പോലും കഴിയാതെ അവിടെക്കിടന്ന യുവതിയെ പിന്നീട് പരിസരവാസികളാണു കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പൊലീസ് അറസ്‌റ്റ് ചെയ്‌തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന യുവതി ഫെബ്രുവരി ആറിനു മരിച്ചു.
കേരള സമൂഹത്തിൽ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ് ഗോവിന്ദച്ചാമി. ഒറ്റക്കയ്യൻ. സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടിയാണ് സ്വദേശം. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കേരളത്തിൽ ട്രെയിനിലെ കച്ചവടക്കാരന്റെ വേഷത്തിലായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറൻസിക് പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനുകളിലും തൊട്ടടുത്ത ചേരികളിലും സ്‌ഥിരമായി സ്‌ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. അമിത മദ്യപാനിയായ ഇയാൾ ലഹരിക്കും അടിമയാണ്.
സംഭവദിവസം യുവതി യാത്രചെയ്ത ട്രെയിനിൽ ഗോവിന്ദച്ചാമി കൊച്ചി മുതൽ തന്നെയുണ്ടായിരുന്നു. തൃശൂർ എത്തിയതോടെ ലേഡീസ് കംപാർട്‌മെന്റ് കാലിയായി. ഇതേ തുടർന്നു യുവതി തൊട്ടുമുന്നിലെ ജനറൽ കംപാർട്‌മെന്റിൽ മാറിക്കയറി. വള്ളത്തോൾ നഗർ സ്‌റ്റേഷൻ എത്തിയപ്പോഴേക്കും ഈ കംപാർട്‌മെന്റിലുണ്ടായിരുന്ന എട്ടുപേരും സ്‌റ്റേഷനുകളിൽ ഇറങ്ങിയിരുന്നു. ഇരുട്ടു പരന്നതും ട്രെയിൻ അനിയന്ത്രിതമായി വൈകുന്നതും മൂലം യുവതി ആശങ്കയിലായിരുന്നു. ഇടയ്‌ക്കു വീട്ടിലേക്കു വിളിക്കുകയും ചെയ്‌തിരുന്നു. ഈ സമയം ഇരയെ നോക്കി വന്ന ഗോവിന്ദച്ചാമി യുവതിയെ കണ്ടു. ട്രെയിൻ വിട്ടതോടെ ഇയാളും ഈ കംപാർട്‌മെന്റിൽ കയറി. ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച ഇയാളെ പെൺകുട്ടി ചെറുത്തു.
കംപാർട്‌മെന്റിൽ അങ്ങുമിങ്ങും ഓടിയ യുവതി ബാഗിലെ പിടിവിട്ടില്ല. ഇതേതുടർന്നു വാതിലിന്റെ സമീപത്ത് എത്തിയപ്പോൾ പുറത്തേക്ക് ആഞ്ഞു തൊഴിച്ചു. അൽപം കൂടി മുന്നോട്ടുപോയ ട്രെയിനിൽനിന്നു ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. ട്രാക്കിൽ തലയിടിച്ചു രക്‌തം വാർന്ന നിലയിലായിരുന്നു യുവതി. ബോധം പൂർണമായി നശിച്ചിരുന്നില്ല. വേദനകൊണ്ടു പുളയുന്ന യുവതിയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ചാണു പീഡിപ്പിച്ചത്.
എതിർത്തപ്പോൾ കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചു. യുവതിയുടെ പക്കൽനിന്ന് വെറും 70 രൂപയും ഒരു സാധാരണ മൊബൈൽ ഫോണും മാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതിലൂള്ള ദേഷ്യമാണ് ഹീനമായ കുറ്റകൃത്യത്തിനു ഗോവിന്ദച്ചാമിയെ പ്രേരിപ്പിച്ചത്. പിറ്റേന്നു നടക്കാനിരുന്ന പെണ്ണുകാണൽ ചടങ്ങിനായാണു യുവതി ഷൊർണൂർ പാസഞ്ചറിൽ പാമ്പാടി ഐവർമഠത്തിലുള്ള വീട്ടിലേക്ക് വന്നത്.
യുവതിയെ അപായപ്പെടുത്തിയ പ്രതിക്കായി അന്ന് പൊലീസ് രാത്രി നാടു മുഴുവൻ പരതുമ്പോൾ റെയിൽവേ സംരക്ഷണ സേനയുടെ ഒലവക്കോട്ടെ ലോക്കപ്പിൽ ഗോവിന്ദച്ചാമി സുഖമായി ഉറങ്ങുകയായിരുന്നു. ചെന്നൈ മെയിലിൽ ടിക്കറ്റില്ലാതെ ഒലവക്കോട് സ്‌റ്റേഷനിൽ വന്നിറങ്ങിയ ഗോവിന്ദച്ചാമിയെ പിച്ചക്കാരൻ എന്ന നിലയിലാണു സേന കരുതൽ തടങ്കലിനു ലോക്കപ്പിലാക്കിയത്. എന്നാൽ, ഇയാളെ വിശദമായി ചോദ്യംചെയ്‌തില്ല. മാത്രമല്ല, ഷർട്ടിലെ രക്‌തക്കറയുടെ കാരണം ആരാഞ്ഞ പൊലീസിനോടു കൂട്ടുകാരുമായി വഴക്കിട്ടപ്പോൾ പറ്റിയതാണെന്നു മൊഴി നൽകി. ചാർലിയെന്നാണു പേരു നൽകിയത്.
യുവതിയെ ഉപദ്രവിക്കുന്നതിനിടെ സമീപവാസി വരുന്നതു കണ്ടാണു ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇതിനിടെ യുവതിയെ അന്വേഷിച്ചു വന്ന നാട്ടുകാർ ഇയാളെ ചോദ്യംചെയ്‌തിരുന്നു. എന്നാൽ ദൈന്യത അഭിനയിച്ചു രക്ഷപ്പെട്ട ഗോവിന്ദച്ചാമി, ബസിൽ തൃശൂർക്കും പിന്നീടു പാലക്കാട്ടേക്കും പോയി. തുടർന്നാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലാകുന്നത്.
സേലം ജയിലിൽവച്ചു പരിചയപ്പെട്ട തൃശൂർ സ്‌ഥിരവാസിയായ തമിഴ്‌നാട് സ്വദേശിയാണ് ഗോവിന്ദച്ചാമിയെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നത്. പാലക്കാട് മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ ഇരുപതോളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. ട്രെയിനുകളിൽ യാത്ര ചെയ്‌തു തരംകിട്ടിയാൽ മോഷ്‌ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചിരുന്നു. സംഭവദിവസം ഷൊർണൂർ പാസഞ്ചറിൽ സുഹൃത്തിനൊപ്പമാണു ഗോവിന്ദച്ചാമി യാത്രചെയ്‌തത്. അമ്മ ലക്ഷ്‌മിയെ അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാൾ കംപാർട്‌മെന്റുകളിൽ നിരീക്ഷണം നടത്തിയിരുന്നത്.
തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബർ 11നാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഗോവിന്ദച്ചാമിയുടെ ക്രൂരവും പൈശാചികവുമായ പ്രവൃത്തി കോടതിയെപോലും ഞെട്ടിച്ചുവെന്നു ഒന്നാം നമ്പർ അതിവേഗ കോടതി ജഡ്‌ജി കെ. രവീന്ദ്രബാബു അഭിപ്രായപ്പെട്ടു. സ്‌ത്രീകൾക്കും സമൂഹത്തിനും ഗോവിന്ദച്ചാമി ഭീഷണിയാണ്. കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ജനങ്ങൾക്കു നിയമത്തിലുള്ള വിശ്വാസം നഷ്‌ടപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. 2013 ഡിസംബറിൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു.
എന്നാൽ 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും പീഡനത്തിനു നൽകിയ ജീവപര്യന്തം തടവു നിലനിർത്തുകയും ചെയ്തു. വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ. യുവതി ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെടുന്നതായി കണ്ടുവെന്ന് തങ്ങൾ യാത്ര ചെയ്ത കംപാർട്ട്മെന്റിന്റെ വാതിൽക്കൽനിന്ന മധ്യവയസ്കൻ പറഞ്ഞുവെന്നാണ് നാലാം സാക്ഷി ടോമി ദേവസിയും 40–ാം സാക്ഷി അബ്ദുൽ ഷുക്കൂറും മൊഴി നൽകിയത്. പ്രതിയുടെ വധശിക്ഷ റദ്ദാക്കാൻ തീരുമാനിച്ചപ്പോൾ ഈ മൊഴികൾ സുപ്രീം കോടതി കണക്കിലെടുത്തു.
യുവതി സ്വയം ചാടിയതോ തള്ളിയിട്ടതോ – സംഭവിച്ചതെന്തെന്നു വ്യക്തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കീഴ്ക്കോടതിയിലെ കേസ് നടത്തിപ്പിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ആരോപിക്കപ്പെടുന്ന കുറ്റത്തിനു വിരുദ്ധമായ സാക്ഷിമൊഴികൾ പോലും പ്രോസിക്യൂഷന്റേതായി ഉൾപ്പെടുത്തുന്നതിനു കാരണമായതെന്നു വിലയിരുത്തപ്പെട്ടു. 2017 ഏപ്രിലിൽ സർക്കാർ നൽകിയ പിഴവുതിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളി.
2011 നവംബർ 11നു കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചതു മുതൽ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥർക്കു സ്ഥിരം തലവേദനയായിരുന്നു. ജയിൽമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകത്തിൽ തുടക്കം. പിന്നീടു പൂജപ്പുരയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം. എല്ലാ ദിവസവും ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സെല്ലിനുള്ളിലെ സിസിടിവി ക്യാമറ തകരാറിലാക്കി. ജയിൽ ജീവനക്കാർക്കെതിരെ വിസർജ്യമെറിഞ്ഞു. ജയിലിലെ അക്രമത്തിന്റെ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിനു ശിക്ഷിച്ചു.
2012 മാർച്ചിലായിരുന്നു ഗോവിന്ദച്ചാമിയുടെ ആത്മഹത്യനാടകം. പ്രാഥമിക കൃത്യങ്ങൾക്കായി സെല്ലിൽ നിന്നു പുറത്തിറക്കിയപ്പോൾ മേൽക്കൂരയിലെ കഴുക്കോലിൽ ഒറ്റക്കൈ കൊണ്ട് ഉടുമുണ്ടു കെട്ടാൻ ശ്രമിച്ചു. ഓടിയെത്തിയ വാർഡർമാരും സഹതടവുകാരും ചേർന്നു പിൻതിരിപ്പിച്ച് സെല്ലിലടച്ചു. മറ്റുള്ളവരുടെ കൺമുൻപിൽ നടത്തിയ ആത്മഹത്യശ്രമം നാടകമാണെന്നു വ്യക്‌തമായതു തൊട്ടുപിന്നാലെ സൂപ്രണ്ടിനു കത്തു കൊടുത്തപ്പോഴാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ അന്തരീക്ഷം പിടിക്കുന്നില്ലെന്നും ബന്ധുക്കൾക്കു വന്നു കാണാൻ സൗകര്യത്തിനു പൂജപ്പുരയിലേക്കു മാറ്റണമെന്നുമാണു കത്തിലെ ആവശ്യം.
സ്വദേശമായ തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്കു മാറ്റണമെന്നുള്ള ഗോവിന്ദച്ചാമിയുടെ അപേക്ഷ 2024 മാർച്ചിൽ ജയിൽ വകുപ്പ് മേധാവി നിരസിച്ചു. തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയശേഷമാണ് അക്രമസ്വഭാവം അവസാനിപ്പിച്ചത്.


