കൊച്ചി:മേയര്‍ സൗമിനി ജെയ്‌നിനെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. മേയര്‍ക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് എറണാകുളം ഡിസിസി നിലപാട് കടുപ്പിച്ചത്. ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ അറിയിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.ഒറ്റ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതോടെയാണ് കൊച്ചി കോര്‍പ്പറേഷന്റെയും മേയറുടേയും പ്രവര്‍ത്തനം രൂക്ഷ വിമര്‍ശനത്തിന് ഇരയായത്. ഹൈക്കോടതിയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനെതിരേ രംഗത്തെത്തിയിരുന്നു.കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് യു.ഡി.എഫിന് വലിയ തലവേദയായിരുന്നു.
യുഡിഎഫിന്റെ കുത്തക മണ്ഡലമായ എറണാകുളത്തെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും മേയറെ മാറ്റണമെന്ന ആവശ്യം ശക്തമാകാന്‍ കാരണമായി. ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് പ്രതീക്ഷിച്ചത് 10000ന് മുകളിലുള്ള ഭൂരിപക്ഷമായിരുന്നു. ഐ ഗ്രൂപ്പ് കാരനായ ടി.ജെ. വിനോദിന് കിട്ടിയതാകട്ടെ 3750 വോട്ടിന്റെ ലീഡും.ഇതില്‍ അപരന്‍ പിടിച്ച വോട്ടുകളും നോട്ടയും ഒഴിവാക്കിയാല്‍ വിനോദിന്റെ കാര്യം പരുങ്ങലിലായേനെ.വെള്ളക്കെട്ടും മോശം റോഡുകളും ഗതാഗത കുരുക്കും ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ ഭരണപരാജയമാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും ഈ സാഹചര്യത്തില്‍ മേയറെ മാറ്റണമെന്ന ശക്തമായ വികാരമാണ് കൗണ്‍സിലര്‍മാര്‍ക്കടക്കം ഇടയില്‍ ഉയര്‍ന്നിരിയ്ക്കുന്നത്. വിഷയത്തില്‍ മേയറും ഹൈബി ഈഡന്‍ എം.പിയും തമ്മില്‍ വാക്ക് പോരും നടത്തിയിരുന്നു.