അഹമ്മദാബാദ്: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അമ്മയെ ആണ്‍മക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നാനാകാഡിയ സ്വദേശിനിയായ 40-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ രണ്ട് ആണ്‍മക്കളെയും പോലീസ് അറസ്റ്റ്‌ചെയ്തു. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
കൊല്ലപ്പെട്ട യുവതിയും പ്രതികളായ മക്കളും കഴിഞ്ഞ ഒരുവര്‍ഷമായി ഗ്രാമത്തിലെ ഫാമില്‍ താമസിച്ച് ജോലിചെയ്യുന്നവരാണ്. കഴിഞ്ഞദിവസം ഫാം ഉടമയാണ് സ്ത്രീ കൊല്ലപ്പെട്ടവിവരം ഇവരുടെ പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് പിതാവ് എത്തിയപ്പോള്‍ സ്ത്രീയുടെ കഴുത്തിലടക്കം പാടുകള്‍ കണ്ടെത്തി. പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 19 വയസ്സുള്ള മകനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരുമകനും ചേര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിക്കുകയുംചെയ്തു.
കൊല്ലപ്പെട്ട സ്ത്രീ ഏതാനും മാസങ്ങളായി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇതിനുപിന്നാലെയാണ് അമ്മയുടെ പെരുമാറ്റത്തില്‍ മക്കള്‍ക്ക് സംശയം തോന്നിയത്. അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രതികള്‍ സംശയിച്ചു. രാത്രി വൈകിയും അമ്മ ആരോടോ ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും വീട്ടിലെ ജോലികള്‍ ചെയ്തിരുന്നില്ലെന്നും മക്കള്‍ പറഞ്ഞു. സംഭവദിവസം രാത്രിയും അമ്മ ഫോണ്‍വിളിക്കുന്നത് മക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനുപിന്നാലെയാണ് ഇരുവരും ചേര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
In Gujarat’s Nanakadiya, two sons strangled their 40-year-old mother to death suspecting an affair. Police arrested both, one being a minor.


