ന്യൂഡൽഹി : എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. സോണിയ ഗാന്ധി രാഹുലിന്‍റെ വീട്ടിലെത്തി. ഇരുവരും കൂടിക്കാഴ്ച നടത്തുകയാണ്. വൈകിട്ട് അഞ്ചുമണിക്ക് കോൺഗ്രസ് ഉന്നതതലയോഗവും ചേരും. സൂറത്ത് കോടതി വിധിയിലും അയോഗ്യതയിലും ഇനി സ്വീകരിക്കേണ്ട നിയമനടപടികൾ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും. രാഹുലിന്റെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഏകാധിപത്യനീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു തലമെന്നും യെച്ചൂരി പ്രതികരിച്ചു. രാഹുലിനെതിരെ നടക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കാൻ ആർഎസ്എസ് നടത്തുന്ന നീക്കമെന്നും സിപിഎം പിബി അംഗം എം എ ബേബിയും പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ പുതിയ ഉന്നം പ്രതിപക്ഷ നേതാക്കളാണെന്നും മമത വിമർശിച്ചു. പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തരംതാണ നടപടിയെന്നായിരുന്നു തൃണമൂൽ എംപി ഡെറിക് ഒബ്രിയന്റെ പ്രതികരണം.