‘നീണ്ട പ്രസംഗം വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം ക്ഷീണിച്ചുപോയി’ രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സോണിയയുടെ പരാമര്‍ശം വിവാദത്തില്‍; കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയത് പുതിയ വിവാദത്തോടെ. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെ കുറിച്ച് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ബിജെപി നേതാക്കള്‍ സോണിയയ്ക്ക് എതിരെ ശക്തമായി രംഗത്ത് വന്നു. രാഷ്ട്രപതി ഭവനും പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

നയപ്രഖ്യാപനം വായിച്ച് പാവം രാഷ്ട്രപതി തളര്‍ന്നെന്ന സോണിയയുടെ പരാമര്‍ശമാണ് വിവാദമായത്. അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണ്. വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയെന്നായിരുന്നു സോണിയയുടെ പരാമര്‍ശം. രാഷ്ട്രപതിയുടെ പ്രസംഗത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സോണിയ ഇങ്ങനെ പറഞ്ഞത്. ‘പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്.സോണിയയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി അപലപിച്ചു. ദരിദ്രരെയും ആദിവാസികളെയും അപമാനിക്കുന്ന പരാമര്‍ശമെന്നാണ് നരേന്ദ്ര മോദി വിമര്‍ശിച്ചത്.

സോണിയയുടെ പരാമര്‍ശം രാഷ്ട്രപതിയോടുള്ള കടുത്ത അനാദരവാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അപലപിച്ചു. ‘ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാഷ്ട്രപതി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍, ഫ്യൂഡല്‍ ചിന്താഗതിക്കാരായ പ്രതിപക്ഷം മോദിയുടെ നേതൃത്വത്തിലുളള ഭരണത്തില്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായ പരിവര്‍ത്തത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്’, നദ്ദ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദിവാസി വിരുദ്ധ, ദരിദ്ര വിരുദ്ധ നിലപാടാണ് സോണിയയുടെ പരാമര്‍ശത്തിലൂടെ തെളിയുന്നതെന്നും നദ്ദ വിമര്‍ശിച്ചു. സോണിയയുടെ പ്രസ്താവന വരേണ്യ മനോഭാവത്തില്‍ നിന്നെന്നും അവര്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ദഹിക്കുന്നില്ലെന്നാണ് ഈ പ്രസ്താവനയോട് ബിജെപി എം.പി സുകാന്ത മജുംദാര്‍ പ്രതികരിച്ചത്. സോണിയ നടത്തിയത് അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു. സോണിയയെ പോലുള്ള മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. പ്രത്യേകിച്ച് രാഷ്ട്രപതിയെക്കുറിച്ച്. ആദിവാസി സ്ത്രീയായ ദ്രൗപതി മുര്‍മു ഇന്ന് രാജ്യത്തിന്റെ പ്രഥമ പൗരയാണ്. കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാന്‍ പറ്റില്ല.

സോണിയയുടെ പരാമര്‍ശത്തില്‍ രാഷ്ട്രപതി ഭവന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാര്‍ലമെന്റ് അഭിസംബോധനയ്ക്കിടെ രാഷ്ട്രപതി ക്ഷീണിതയായിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ ക്ഷീണം തോന്നേണ്ട കാര്യമില്ല. സോണിയയുടെ വാക്കുകള്‍ രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിച്ചു. മോശം പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്നും സോണിയയുടെ പ്രസ്താവന അംഗീകരിക്കാന്‍ ആവില്ലെന്നും രാഷ്ട്രപതിഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ സോണിയയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ല. ദീര്‍ഘമായ പ്രസംഗം വായിച്ച് ക്ഷീണിച്ചെന്ന് മറ്റൊരര്‍ഥത്തില്‍ പറഞ്ഞതല്ല. രാഷ്ട്രപതിയോട് ബഹുമാനം മാത്രമേയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News