ന്യൂഡൽഹി: അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ സോണിയ ഗാന്ധി തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്കു നിർദേശം. എഐസിസി അംഗങ്ങൾക്കും കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു കോൺഗ്രസ് അധ്യക്ഷൻമാർക്കു നിർദേശം. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രിക സമർപ്പണം നടത്തേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ്.
ഇതോടെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ വീണ്ടും ചോദ്യചിഹ്നമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിക്കില്ല. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പ്രിയങ്ക ഗാന്ധി പ്രസിഡന്റാകാനും സാധ്യതയില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടാണ് ഗാന്ധികുടുംബത്തിനു താൽപര്യമുള്ളത്. സോണിയ ഗാന്ധി പുതിയ പ്രസിഡന്റിനെ നിർദേശിക്കുന്ന സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല.
കഴിഞ്ഞ മൂന്നു വർഷമായി സോണിയ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. 2017ൽ രാഹുൽ ഗാന്ധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാജിവയ്ക്കുകയായിരുന്നു. പാർട്ടിയുടെ മുഖമായി ഇപ്പോഴും രാഹുൽ ഗാന്ധിയെ തന്നെയാണ് ഉയർത്തിക്കാണിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പ് മുൻനിർത്തി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണ്.
അധ്യക്ഷ സ്ഥാനത്തേച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍തുടരുന്നതിനിടെ ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. തൊട്ടുപിന്നാലെ എംഎല്‍എമാര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കാണുകയും പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബിജെപിയില്‍ ചേര്‍ന്നത്.ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ് ഉള്ളത്. മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ അയോഗ്യത നടപടി വന്നേക്കില്ല.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്.നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.