ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് കേന്ദ്ര സർക്കാരിന് മുന്നിൽ തൻ്റെ ആവശ്യങ്ങൾ അക്കമിട്ടു നിരത്തി കത്തയച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ പകപോക്കൽ നടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിൽ സന്ദർശിച്ച് നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം കത്തെഴുതിയത്.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കടുത്ത മാനസിക വിഷമം മൂലം ആത്മഹത്യചെയ്ത നിർധനരായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ചചെയ്യുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വാങ്ചുക് കത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. നീതിയുക്തവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനുവേണ്ടി ശബ്ദമുയർത്തി എന്നതു മാത്രമാണ് ഈ കുട്ടികൾ ചെയ്ത കുറ്റമെന്നും അവരെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആദരപൂർവ്വം കത്തിൽ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ജൂലൈ 20 തിങ്കളാഴ്ച കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ സമരത്തെക്കുറിച്ചും വാങ്ചുക് കത്തിൽ പരാമർശിച്ചു. ഡൽഹി പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ അതിക്രമങ്ങളും അമിതമായ ബലപ്രയോഗവും ആണിയടിച്ച ലാത്തി ചാർജ്ജും ഉണ്ടായിട്ടും പ്രക്ഷോഭകർ പൂർണ്ണമായും സമാധാനപരമായാണ് പെരുമാറിയത്. ഇത് ഇന്ത്യൻ യുവത്വത്തിന് ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളിൽനിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ (MPs) തന്നെ നേരിട്ടും അല്ലാതെയും ബന്ധപ്പെടുകയും നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി സോനം വാങ്ചുക് കത്തിൽ വെളിപ്പെടുത്തി. “എനിക്ക് ജീവിക്കണമെന്നുണ്ട്. എന്റെ ലഡാക്കിലെ വിദ്യാർഥികളുടെ അടുത്തേക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കും മടങ്ങിയെത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഈ വലിയ പ്രസ്ഥാനം ആർക്കുവേണ്ടി തുടങ്ങിയോ, ആ യുവജനങ്ങളുടെ ഭാവി ബലികൊടുത്തുകൊണ്ട് എനിക്ക് മടങ്ങിയെത്താൻ കഴിയില്ല,” വാങ്ചുക് വൈകാരികമായി കുറിച്ചു.
പ്രക്ഷോഭകർക്കെതിരെ ഇനി മേലിൽ പോലീസ് ബലപ്രയോഗം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും വാങ്ചുക് സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഈ സുപ്രധാന ഉറപ്പുകൾ രേഖാമൂലം നൽകിയാൽ ഉടൻ തന്നെ താൻ നിരാഹാരം അവസാനിപ്പിക്കുമെന്നും, അല്ലാത്തപക്ഷം ജീവൻ പോയാലും അനിശ്ചിതകാല നിരാഹാരവുമായി മുന്നോട്ട് പോകാൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകി. നാളെ കേരളത്തിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാങ്ചുക്കിന്റെ കത്ത് പ്രക്ഷോഭത്തിന് പുതിയ രാഷ്ട്രീയമാനം നൽകുന്നു.
English Summary
Environmental activist Sonam Wangchuk has officially set conditions for the Central Government to end his indefinite hunger strike over the NEET paper leak. In a letter responding to the hospital visit by Union Ministers J.P. Nadda and Jitendra Singh, Wangchuk demanded explicit guarantees that no punitive or retaliatory action will be taken against the student protestors, who were only demanding a transparent education system. He reiterated his core demands, including compensation for the families of NEET aspirants who committed suicide, a parliamentary discussion, and the resignation of the Education Minister. Acknowledging appeals from 65 MPs to end his fast, Wangchuk stated that while he wishes to live and return to his students, he will not do so at the cost of the youth’s safety, warning that the fast will continue unless written assurances are provided.


