ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള നടപടികളും ആവശ്യപ്പെട്ട് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ സോനം വാങ്ചുക്ക് അവസാനിപ്പിരിക്കുകയാണ്. വാങ്ചുക്കും സിജെപിയും ഉയർത്തിയ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രതിഷേധക്കാരുടെ പ്രധാന ആവശ്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയിട്ടില്ല.
ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. പിന്നാലെ വാങ്ചുക്ക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതായും, മന്ത്രിമാർ തനിക്ക് ആവശ്യമായ ഉറപ്പുകൾ നൽകിയതായും അറിയിച്ചുകൊണ്ട് എക്‌സിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കുകയും ചെയ്തു.
സമരം കൂടുതൽ ശക്തമാകുന്നതും വിദ്യാർത്ഥി പ്രതിഷേധം വ്യാപിക്കുന്നതും കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുമായി നാല് മണിക്കൂറോളം നീണ്ട അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന തിരിച്ചറിവ് കൂടിയാണ് സർക്കാരിനെ അനുനയപാതയിലേക്ക് അടുപ്പിച്ചത്.
യോഗത്തിന് ശേഷം നഡ്ഡയും ജിതേന്ദ്ര സിങും വാങ്ചുക്കിനെ നേരിട്ട് സന്ദർശിച്ച് ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. കേന്ദ്രം നേരത്തെ തന്നെ ചില ഉറപ്പുകൾ വാങ്ചുക്കിനെ കണ്ട് അറിയിച്ചിരുന്നെങ്കിലും രേഖാമൂലം ഉറപ്പുകൾ നൽകണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു. ഇത് നിരാഹാരസമരം അവസാനിപ്പിക്കാൻ രണ്ട് ദിവസത്തെ കാലതാമസത്തിന് കാരണമായെന്നും വാങ്ചുക്ക് അറിയിച്ചു.
‘ഈ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇതിന് രണ്ട് ദിവസം അധികമെടുത്തു, ആവശ്യമെങ്കിൽ ഞാൻ കൂടുതൽ സമയം ഇരുന്നേനേ, പക്ഷെ ഒടുവിൽ, ഇന്ന്, അവർ രേഖാമൂലം ഉറപ്പ് നൽകി’ അദ്ദേഹം പറഞ്ഞു.
മൂന്ന് പ്രധാന ഉറപ്പുകളാണ് കേന്ദ്ര സർക്കാർ വാങ്ചുക്കിന് നൽകിയിട്ടുള്ളത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കോ യുവാക്കൾക്കോ എതിരെ പ്രതികാര നടപടികളോ കേസോ എടുക്കില്ല. പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കും. ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഘടനാപരമായ പരിഷ്‌കാരങ്ങൾക്കുമായി പാർലമെന്റിൽ പൊതുച്ചർച്ചയ്ക്ക് വഴിതുറക്കുമെന്നും നിയമനിർമ്മാണങ്ങൾ കൊണ്ടുവരുമെന്നും ഉറപ്പുനൽകി.
കേന്ദ്രം നൽകിയ ഉറപ്പുകൾ സംബന്ധിച്ച് വാങ്ചുക്ക് വിശദീകരിക്കുകയും ചെയ്തു. ‘ഇന്ന് അവർ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അല്ലെങ്കിൽ ജൂലായ് 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിന് പങ്കെടുത്തവർക്കും യാതൊരു നിയമനടപടിയും ഉണ്ടാവില്ല… രണ്ടാമതായി, ഈ പേപ്പർ ചോർച്ച സംഭവത്തിൽ മരിച്ച കുട്ടികൾക്ക്, 20-ൽ അധികം പേരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും. മൂന്നാമതായി, ഈ പ്രശ്‌നത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ചയും സംവാദവും ഉണ്ടാകും, വിദ്യാഭ്യാസത്തിലും പരീക്ഷകളിലും സർക്കാരിന്റെ ഉത്തരവാദിത്വം ഉറപ്പാക്കും, ഇത് വീണ്ടും സംഭവിക്കില്ലെന്നും സംഭവിച്ച കാര്യങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ടാകുമെന്നും ഉറപ്പാക്കും. ഇപ്പോൾ നിങ്ങൾ തീർച്ചയായും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് എന്തു സംഭവിച്ചു എന്ന് ചോദിക്കും. ഇത് എപ്പോൾ സംഭവിക്കുമെന്നതിനെക്കുറിച്ച് അവർക്ക് എനിക്ക് ഒരു ഉറപ്പും നൽകാൻ കഴിഞ്ഞില്ല…’ വാങ്ചുക്ക് പറഞ്ഞു.ദീർഘകാല പോരാട്ടത്തിനും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും മുൻഗണന നൽകാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന്റെ രാജിയില്ലാതെ തന്നെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘എനിക്ക് രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകിൽ ഞാൻ കൂടുതൽ ആഴ്ചകൾ നിരാഹാരം തുടരുക, അത് എന്റെ അവസാനത്തിലേക്ക് നയിച്ചേക്കാം. അപ്പോൾ കഴിഞ്ഞ 2-3 ആഴ്ചകളായി ആയിരക്കണക്കിന് പേർ എന്നോട് പറയുന്നു, എന്റെ ജീവിതം പ്രധാനമാണെന്നും, പോരാട്ടം തുടരാൻ ഞാൻ ജീവനോടെയിരിക്കണമെന്നും… അദ്ദേഹം (ധർമേന്ദ്ര പ്രധാൻ) രാജി വെച്ചില്ലെങ്കിൽ, അത് കുട്ടികൾക്കോ നമുക്കോ ദോഷം ചെയ്യില്ല. അത് സർക്കാരിന് തന്നെയാകും ദോഷം ചെയ്യുക. അദ്ദേഹം രാജിവെക്കേണ്ടതായിരുന്നു, വിദ്യാർഥികളുടെ കരിയർ സംരക്ഷിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയും ആശങ്കയും’വാങ്ചുക്ക് പറഞ്ഞു.
കുട്ടികൾക്കെതിരെ കേസെടുക്കില്ല എന്ന ഉറപ്പ് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ഇത്തരത്തിലുള്ള എഫ്‌ഐആറുകൾ നിരവധി കുട്ടികളുടെ ഭാവിയെ നശിപ്പിച്ചിട്ടുണ്ട്. ആ ഉറപ്പ് കേന്ദ്ര സർക്കാരിൽനിന്ന് നേടാനായതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന ക്ഷേത്രമായ നമ്മുടെ പാർലമെന്റിൽ, ഈ പ്രശ്‌നത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഒരു പൂർണ്ണ ചർച്ച നടക്കും. ഈ പ്രസ്ഥാനത്തെ പിന്തുണച്ച എല്ലാവർക്കും ഞാൻ വളരെ നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് എത്രയും പെട്ടെന്ന് പഴയ ഭാരം വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.


