സോനം വാങ്ചുകിന്റെ പിന്മാറ്റം കേന്ദ്രത്തിന് ആശ്വാസം; ചർച്ചകൾക്ക് വഴങ്ങി കേന്ദ്ര സർക്കാർ, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി സിജെപി സമരം ശക്തമാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളും പ്രക്ഷോഭകരും നടത്തുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിച്ചു. കേന്ദ്ര മന്ത്രിമാരും ലേ ലഡാക്ക് അപെക്‌സ് ബോഡിയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉപവാസം അവസാനിപ്പിക്കാന്‍ വാങ്ചുക് തയ്യാറായത്.

കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. രാജ്യത്ത് ഉണ്ടാകാനിടയുള്ള അക്രമസാധ്യതകള്‍ മുന്‍നിര്‍ത്തിയും ചില പ്രധാന നിബന്ധനകളുടെ അടിസ്ഥാനത്തിലുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 പാര്‍ലമെന്റ് അംഗങ്ങള്‍ സമരത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമരം അവസാനിപ്പിക്കാന്‍ ഇടയാക്കിയ നിബന്ധനകളെക്കുറിച്ച് ഉടന്‍ തന്നെ വിശദമായി വ്യക്തമാക്കുമെന്നും, അതുവരെ രാജ്യത്ത് ഒരിടത്തും ഒരു തരത്തിലുള്ള അക്രമ സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും വാങ്ചുക് രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു.

തുടര്‍ച്ചയായ 26 ദിവസത്തെ കഠിനമായ നിരാഹാരത്തെ തുടര്‍ന്ന് വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമായി മാറിയിരുന്നു. ശരീരഭാരം ഒന്‍പത് കിലോയോളം കുറഞ്ഞ അദ്ദേഹത്തെ കോടതി ഇടപെടലിനെ തുടര്‍ന്നാണ് ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയത്. അവിടെ വെച്ചാണ് കേന്ദ്ര പ്രതിനിധികളുമായി ചര്‍ച്ച നടന്നതും സമരം അവസാനിച്ചതും.

അതേസമയം, സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിനെ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി സ്വാഗതം ചെയ്‌തെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായുള്ള പ്രതിഷേധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ നടത്തിവരുന്ന സമാധാനപരമായ സമരം മന്ത്രി രാജി വെക്കും വരെ അവസാനിപ്പിക്കില്ലെന്നാണ് സി.ജെ.പി നിലപാട്. സോനം വാങ്ചുക്കിന്റെ ജീവന്‍ രക്ഷിക്കാനായതില്‍ ആശ്വാസവും കൃതജ്ഞതയുമുണ്ടെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ പറഞ്ഞു. സ്വന്തം ജീവന്‍ പണയം വെച്ച് പോരാടിയ അദ്ദേഹം രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയെന്നും, ഈ രാജ്യത്തിന് അദ്ദേഹത്തിന്റെ ജീവന്‍ വളരെ വിലപ്പെട്ടതാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ അഭിജിത് കുറിച്ചു.

സമരം അവസാനിപ്പിക്കാന്‍ വാങ്ചുക് തീരുമാനിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെയും സി.ജെ.പിയുടെയും ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രിമാരും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളും തമ്മില്‍ ഉന്നതതല ചര്‍ച്ച നടക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ഏജന്‍സികളുടെ വീഴ്ച എന്നിവയും വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ മറ്റ് ആശങ്കകളുമാണ് സര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ചയില്‍ പ്രധാന വിഷയം. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

നീറ്റ് പരീക്ഷാ വിവാദത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മാസങ്ങളായി പുകയുന്ന പ്രതിഷേധങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം. വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത സമ്മര്‍ദ്ദവും വാങ്ചുക്കിന്റെ നിരാഹാരവും വലിയ തോതില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സമരക്കാരുമായി കേന്ദ്രം നടത്തുന്ന ചര്‍ച്ചകള്‍ എത്രത്തോളം വിജയകരമാകുമെന്ന ഉറ്റുനോക്കലിലാണ് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹവും പൊതുജനങ്ങളും.

English Summary

While the Cockroach Janata Party (CJP) welcomed environmentalist Sonam Wangchuk’s decision to end his 21-day hunger strike, the party confirmed that the nationwide agitation demanding the resignation of Union Education Minister Dharmendra Pradhan will intensify. Wangchuk’s withdrawal offers temporary political relief to the Modi government, which has now agreed to hold talks with the local Ladakh leadership. Simultaneously, under intense pressure from the mounting youth protests across Delhi and Mumbai, the Center has invited CJP and student representatives for dialogue. However, political analysts express skepticism over whether the CJP-Center talks will succeed or collapse, given the students’ uncompromising stance on the minister’s resignation and the dissolution of the NTA.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News