പനാജി: ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗോട്ടിന് സഹായികൾ ബലമായി മയക്കുമരുന്ന് നൽകിയെന്ന് പൊലീസ്. സൊനാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സംഗ്വാനെയും ഇയാളുടെ സുഹൃത്ത് സുഖ്‌വീന്ദർ വാസിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്ക്മരുന്ന് നൽകിയ വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഗോവ ഇൻസ്‌പെക്ടർ ജനറൽ ഓംവീർ സിംഗ് ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു, “സംശയാസ്പദമായ ചില മയക്കുമരുന്നുകൾ അവർക്ക് ബലമായി നൽകിയതായാണ് മനസിലാക്കുന്നത്. ശേഷം, പുലർച്ചെ 4:30 ന് അവർ നിയന്ത്രണ വിധേയമായിരുന്നില്ല.
ഇരുവരും ചേർന്ന് സൊനാലിയെ ശുചിമുറിയിൽ കൊണ്ടുപോയി, പിന്നീടുളള രണ്ട് മണിക്കൂർ അവർ എന്താണ് ചെയ്തതെന്നതിന് മറുപടി ലഭിച്ചിട്ടില്ല. ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കും. ഈ മരുന്നിന്റെ സ്വാധീനത്തിലാണ് സൊനാലി മരിച്ചതെന്നും സംശയിക്കുന്നു’.
സൊനാലിയുടെ ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോനാലിക്കൊപ്പം ഗോവയിലെത്തിയ ഇരുവരെയും അറസ്റ്റ് ചെയ്തത്. ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടുള്ള പരുക്കുകൾ ഒന്നും ദേഹപരിശോധന നടത്തിയ വനിതാ പൊലീസുകാർക്ക് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.
സുധീറും സുഖ്‌വീന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് സഹോദരൻ റിങ്കു ദാക്കയും പരാതി നൽകുകയായിരുന്നു. പ്രതികൾ സൊനാലിയെ ബ്ലാക്ക് മെയിൽ ചെയ്തതായും സഹോദരൻ ആരോപിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സൊണാലി അമ്മയും സഹോദരിയുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഇതിനിടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഭക്ഷണത്തിൽ എന്തോ ചേർത്ത് നൽകിയായിരുന്നു സുധീർ ബലാത്സംഗം ചെയ്തതെന്നും ഇത് ചിത്രീകരിച്ച് ബ്ലാക്‌മെയിൽ ചെയ്‌തെന്നും ആരോപിച്ചിരുന്നു. അഭിനയ- രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന് സുധീർ ഭീഷണിപ്പെടുത്തി. അവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചതായി സൊനാലി പറഞ്ഞിരുന്നുവെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം സൊണാലി ഫോഗട്ടിന്റെ അന്ത്യകർമങ്ങൾ വെള്ളിയാഴ്ച ഹിസാറിൽ നടന്നു. അന്തിമോപചാരം അർപ്പിക്കാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സൊണാലി ഫോഗട്ടിന്റെ മകൾ യശോധരയും മറ്റ് കുടുംബാംഗങ്ങളും ഋഷി നഗറിലെ ശ്മശാനത്തിൽ എത്തിയതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.